‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ട്രെയിന്‍ വഴി വാഹനങ്ങള്‍ അയയ്‌ക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നതായി പരാതി. റെയില്‍വേ പാര്‍സല്‍ സര്‍വീസില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറും വിലാസവും ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ‘നിങ്ങള്‍ അടച്ച തുക കുറവാണ്, വാഹനം അയയ്‌ക്കണമെങ്കില്‍ ഇത്ര രൂപ കൂടി അടയ്‌ക്കണം’ എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ യാത്രക്കാരെ സമീപിക്കുന്നത്. തുടര്‍ന്ന് ഗൂഗിള്‍ പേ നമ്പര്‍ നല്‍കി പണം കൈമാറാന്‍ ആവശ്യപ്പെടും. വാഹനത്തിന്റെ മോഡല്‍, യാത്രക്കാരന്റെ വിലാസം, ബുക്കിങ് വിവരങ്ങള്‍ തുടങ്ങിയവ കൃത്യമായി പറയുന്നതിനാല്‍ പലരും ഇത് റെയില്‍വേയില്‍ നിന്നുള്ള ഫോണ്‍കോളാണെന്ന് വിശ്വസിച്ച് പണം നല്‍കുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്ക് ബൈക്ക് ബുക്ക് ചെയ്ത സൈനികനാണ് സമാനമായ തട്ടിപ്പിന് ഇരയായത്. ടിക്കറ്റ് എടുത്തിട്ടില്ലെന്നും വാഹനമയയ്‌ക്കാന്‍ പണം ഗൂഗിള്‍ പേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫോണ്‍ വന്നത്. ട്രെയിന്‍ പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിച്ചിരുന്നതിനാല്‍ ഇയാള്‍ ആവശ്യപ്പെട്ട 560 രൂപ അയച്ചുനല്‍കി. പിന്നീട് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പാര്‍സല്‍ ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ആവശ്യമായ തുക റെയില്‍വേ ഈടാക്കുന്നതാണ് നടപടിക്രമമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നീട് ഫോണില്‍ വിളിച്ച് ഗൂഗിള്‍ പേ വഴി അധിക പണം ആവശ്യപ്പെടുന്ന സംവിധാനം റെയില്‍വേയ്‌ക്കില്ല.

അതിനാല്‍ ഇത്തരത്തിലുള്ള ഫോണ്‍കോളുകള്‍ ലഭിച്ചാല്‍ പണം കൈമാറാതെ റെയില്‍വേയുടെ ഔദ്യോഗിക നമ്പറിലോ പാര്‍സല്‍ ഓഫീസിലോ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം സ്വദേശിയായ മറ്റൊരു യാത്രക്കാരനും സമാനമായ അനുഭവമുണ്ടായി. പൂനെയില്‍വെച്ച് വാഹനം അയയ്‌ക്കാന്‍ എന്‍ഒസി വേണമെന്നും ഇതിനായി ഏജന്റ് എത്തുമെന്നും പറഞ്ഞ് 7,500 രൂപ ഈടാക്കിയെന്നാണ് പരാതി. എന്നാല്‍ വാഹനങ്ങള്‍ അയയ്‌ക്കുന്നതിന് ഇത്തരത്തില്‍ എന്‍ഒസി ആവശ്യപ്പെടുന്ന നടപടി റെയില്‍വേയ്‌ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെനിന്ന് ഏകദേശം 4,000 രൂപ ചെലവില്‍ കൊണ്ടുപോയ ബൈക്ക് തിരിച്ചയയ്‌ക്കാന്‍ 7,500 രൂപ ആവശ്യപ്പെട്ടതായും യാത്രക്കാരന്‍ പറഞ്ഞു. മഡ്ഗാവില്‍ നിന്ന് ബൈക്ക് ബുക്ക് ചെയ്ത മറ്റൊരാള്‍ക്കും അധിക പണം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ ലഭിച്ചു. റെയില്‍വേ സ്റ്റേഷനില്‍ പാര്‍സലായി അയയ്‌ക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ വാഹനത്തില്‍ ഉടമയുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്ന രീതിയാണ് തട്ടിപ്പുകാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്നത്.

വാഹനത്തിന്റെ വിവരങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകള്‍ ലഭിക്കുമ്പോള്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. റെയില്‍വേയുടെ പേരില്‍ ആവശ്യപ്പെടുന്ന അധിക പണം ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം മാത്രമേ കൈമാറാവൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Share