തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്കായി ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു. ആറ് ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ പര്യടനത്തിനായുള്ള സംഘം ഒഡിഷയിലെത്തി. പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി ഐ.ഐ.എസ്, ഇൻഫർമേഷൻ അസിസ്റ്റന്റ് ശ്രീമതി നിഖിത എ. എസ് എന്നിവർ മാധ്യമ സംഘത്തെ അനുഗമിച്ചു.
ഒഡിഷയിലെത്തിയ സംഘം രഘുരാജ്പൂർ യുനെസ്കോ പൈതൃക കരകൗശല ഗ്രാമം, പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, പിപിലി ആപ്ലിക് വർക്ക് ഗ്രാമം, ലിംഗരാജ് ക്ഷേത്രം, നാൽകോ (NALCO) ആസ്ഥാനം, ഐ.സി.എം.ആർ-ആർ.എം.ആർ.സി (ICMR-RMRC) , ഒഡിഷ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (OSDMA), സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ ഓഫീസ്, സി.എസ്.ഐ.ആർ-ഐ.എം.എം.ടി (CSIR-IMMT), വേൾഡ് സ്‌കിൽ സെന്റർ, ഖണ്ഡഗിരി-ഉദയഗിരി ഗുഹകൾ,എന്നിവിടങ്ങൾ സന്ദർശിക്കും.
ഒഡിഷ ഗവർണർ/മുഖ്യമന്ത്രി/സ്പീക്കർ, ഭുവനേശ്വർ പി.ഐ.ബി/സി.ബി.സി അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 18 ന് മാധ്യമസംഘം ഭുവനേശ്വറിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്ത നിവാരണ രംഗത്തെ മികച്ച മാതൃകകൾ, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിട്ടു കണ്ടുമനസ്സിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.