ന്യൂഡല്‍ഹി: ആര്യാന സബലെങ്കയെ തോല്‍പ്പിച്ച് എലേന റൈബാകിനയ്‌ക്ക് കന്നി യുഎസ് ഓപ്പണ്‍ കിരീടം. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 6-4, 5-7, 6-2 എന്ന സ്‌കോറിനാണ് കസാഖിസ്ഥാന്‍ താരം സബലെങ്കയെ കീഴടക്കിയത്. കരിയറിലെ റൈബാകിനയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. അതേസമയം, യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതോടെ തന്നെ റൈബാകിന പുതിയ ലോക ഒന്നാം നമ്പര്‍ താരമാകുമെന്ന് ഉറപ്പായിരുന്നു. കിരീടം നേടിയതോടെ സബലെങ്കയെ മറികടന്ന് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും റൈബാകിന സ്വന്തമാക്കി.
യുഎസ് ഓപ്പണിലെ റൈബാകിനയുടെ പങ്കാളിത്തം പോലും നേരത്തെ സംശയത്തിലായിരുന്നു. സിന്‍സിനാറ്റി ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളോളം നടക്കാന്‍ പോലും താരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പരിക്ക് വകവയ്‌ക്കാതെ ന്യൂയോര്‍ക്കിലെത്തിയ റൈബാകിന ആദ്യ നാല് മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറി. തുടര്‍ന്ന് ക്വിന്‍വെന്‍ ഷെങിനെയും കോകോ ഗൗഫിനെയും തോല്‍പ്പിച്ചപ്പോഴും ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് താരം തിരിച്ചെത്തിയത്.
ഫൈനലില്‍ ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സബലെങ്ക ശക്തമായി തിരിച്ചെത്തി 7-5ന് സെറ്റ് നേടി മത്സരം നിര്‍ണായക മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാല്‍ മൂന്നാം സെറ്റില്‍ റൈബാകിന വീണ്ടും നിയന്ത്രണം ഏറ്റെടുത്തു. 2-1ന് മുന്നിലെത്തിയ താരം സബലെങ്കയുടെ സര്‍വീസ് ബ്രേക്ക് ചെയ്യുകയും ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. ആഴത്തിലുള്ള റിട്ടേണുകളിലൂടെ സബലെങ്കയെ ബേസ്ലൈനിന് പിന്നിലേക്ക് തള്ളിയ റൈബാകിന 6-2ന് സെറ്റ് സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.
ആദ്യ മാച്ച് പോയിന്റില്‍ ഡബിള്‍ ഫോള്‍ട്ട് സംഭവിച്ചെങ്കിലും അടുത്ത പോയിന്റില്‍ തന്നെ എയ്‌സിലൂടെ റൈബാകിന കിരീടം സ്വന്തമാക്കി. 2026ല്‍ റൈബാകിന നേടുന്ന രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം ചാമ്പ്യനായിരുന്നു. 2022ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള റൈബാകിനയ്‌ക്ക് ഇനി ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടി നേടിയാല്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കാം. അതേസമയം, സബലെങ്കയുടെ തുടര്‍ച്ചയായ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമെന്ന സ്വപ്‌നമാണ് ഫൈനലിലെ തോല്‍വിയോടെ അവസാനിച്ചത്. ഒമ്പത് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളില്‍ താരത്തിന്റെ അഞ്ചാമത്തെ തോല്‍വിയാണിത്.