തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ സെപ്റ്റംബര്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ദിവസങ്ങളിലായി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും 15ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും, 16ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ ചില തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും കണ്ണൂര്‍കാസര്‍കോട് തീരങ്ങളില്‍ വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.