മുംബൈ: താനെയില്‍ വന്‍ ലഹരിവേട്ട. ലഹരി മാഫിയ തലവനെന്ന് പൊലീസ് പറയുന്ന അംജദ് യൂസഫ് പത്താനില്‍ നിന്ന് 9.768 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. അന്താരാഷ്‌ട്ര വിപണിയില്‍ ഇതിന് ഏകദേശം 34.18 കോടി രൂപ വിലവരുമെന്നാണ് പൊലീസ് കണക്ക്. അംജദ് യൂസഫ് പത്താനടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കസം അബ്ദുള്‍ സത്താര്‍ വസായ്‌ക്കര്‍, കൃഷ്ണ നാഗപ്പ ഹലേമണി, ഗണേശന്‍ പുത്തുസാമി എന്ന ബുഡുസാമി ജംഗമര്‍, സദ്ദാം ഗഫൂര്‍ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
പ്രതികള്‍ക്കെതിരെ മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക) പ്രകാരവും കേസെടുത്തിട്ടുണ്ട്. അംജദും കൂട്ടാളികളും സെപ്റ്റംബര്‍ 17 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. ഹെറോയിന് പുറമെ പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വന്‍കിട ലഹരി ശൃംഖലയുടെ പ്രധാന സൂത്രധാരനാണ് അംജദ് പത്താനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അംജദ് പത്താനെതിരെ മഹാരാഷ്‌ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, കലാപശ്രമം, മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ 20ഓളം കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2020ല്‍ കൊലപാതകക്കേസിലും 2025ല്‍ മയക്കുമരുന്ന് കടത്തുകേസിലും ഇയാള്‍ക്കെതിരെ മക്കോക്ക ചുമത്തിയിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെയും നിരവധി എന്‍ഡിപിഎസ്, മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ ലഹരിയുടെ ഉറവിടം, വിതരണ ശൃംഖല, ഇതുമായി ബന്ധപ്പെട്ട മറ്റ് കണ്ണികള്‍ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.















