കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (കെഎംആര്‍എല്‍) നിന്ന് പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും ചോര്‍ന്നെന്ന പരാതിയില്‍ സൈബര്‍ അന്വേഷണം. സംഭവത്തില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ വിവരച്ചോര്‍ച്ചയുടെ വ്യാപ്തി വ്യക്തമാകൂവെന്നും ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. ഫോട്ടോകോപ്പിയെടുക്കുന്നതിനായി അയച്ചിരുന്ന രേഖകളുടെ മെയിലുകള്‍ മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്കുകൂടി പോയിരുന്നതായാണ് പരാതി. പിന്നീട് ഈ വിവരങ്ങള്‍ ചോര്‍ന്നതായും ആരോപണമുണ്ട്.
ഇത്തരത്തില്‍ ഏതാനും ഉദ്യോഗസ്ഥര്‍ പരാതികള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. വിവരച്ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ചോര്‍ന്ന വിവരങ്ങളില്‍ പലതും രഹസ്യസ്വഭാവമുള്ളവയാണെന്നും അവര്‍ വ്യക്തമാക്കി.
വിവരങ്ങള്‍ എത്രത്തോളം ചോര്‍ന്നുവെന്നും ഇതുമൂലം എന്തെങ്കിലും ഗുരുതരമായ പ്രത്യാഘാതമുണ്ടായിട്ടുണ്ടോയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാകൂ. കുറ്റക്കാരെ കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.