ശിക്ഷയ്‌ക്ക് പിന്നാലെ വീണ്ടും കുരുക്ക്; മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ചെക്ക് കേസില്‍ മുംബൈ കോടതി ശിക്ഷിച്ച പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ്. പാലക്കാട് സ്വദേശിയും മുംബൈ വ്യവസായിയുമായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയയ്‌ക്കാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍, സംസ്ഥാന സര്‍ക്കാര്‍, നിയമസഭാ സ്പീക്കര്‍, മാണി സി. കാപ്പന്‍ എന്നിവര്‍ക്കാണ് നോട്ടിസ്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

2010ല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി വാങ്ങിയ രണ്ട് കോടി രൂപ തിരിച്ചടയ്‌ക്കുന്നതിനായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് മുംബൈ ബോറിവലി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സെപ്റ്റംബര്‍ ഒന്നിന് മാണി സി. കാപ്പനെ ശിക്ഷിച്ചത്. നാല് കേസുകളിലായി മൂന്നര വര്‍ഷം തടവും പരാതിക്കാരന് 5.30 കോടി രൂപ നഷ്ടപരിഹാരവും വിധിച്ചതായാണ് ഹര്‍ജിയില്‍ പറയുന്നത്. നാല് കേസുകളിലും വെവ്വേറെ ശിക്ഷയാണ് വിധിച്ചതെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധിക്ക് അയോഗ്യത വരുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സുപ്രീം കോടതി വിധികളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ മാണി സി. കാപ്പന്‍ എംഎല്‍എയായി തുടരാന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിക്കണമെന്നും പാലാ നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നതായി വിജ്ഞാപനം ഇറക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പാലായില്‍ അടിയന്തരമായി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Share