കാസര്‍കോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11കാരന് ദാരുണാന്ത്യം. ബേഡകം കുണ്ടംകുഴി സ്വദേശി സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകന്‍ ഇബ്രാഹീം ബാദുഷ (11) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിക്ക് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ ഉടന്‍ കുട്ടിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബേഡഡുക്ക പാണ്ടിക്കണ്ടം മദര്‍ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഇബ്രാഹീം ബാദുഷ. കുട്ടിയുടെ മരണം പ്രദേശത്തും കുടുംബത്തിലും വലിയ ദുഃഖത്തിനിടയാക്കി.















