ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ‘അര്‍പ്പണ്‍’ പദ്ധതി ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു. ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ സ്ഥാപിച്ച 10 അര്‍പ്പണ്‍ കേന്ദ്രങ്ങളിലൂടെ പുനരുപയോഗിക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമായ 41 ടണ്ണിലധികം പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചതായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3,940 പേര്‍ കേന്ദ്രങ്ങളിലെത്തി ആകെ 41,181.59 കിലോഗ്രാം പഴയ വസ്ത്രങ്ങളാണ് കൈമാറിയത്.
ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയിലെ അര്‍പ്പണ്‍ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിച്ചത്. ഇവിടെ നിന്ന് 9,861.40 കിലോഗ്രാം വസ്ത്രങ്ങള്‍ ലഭിച്ചു. ഷാലിമാര്‍ ബാഗ് കേന്ദ്രം 9,761.03 കിലോഗ്രാം ശേഖരണവുമായി തൊട്ടുപിന്നിലുണ്ട്. പഞ്ചാബി ബാഗ് വെസ്റ്റ് കേന്ദ്രത്തില്‍ 6,534.98 കിലോഗ്രാമും ഷാഹ്ദാര കേന്ദ്രത്തില്‍ 6,386.08 കിലോഗ്രാമും ശേഖരിച്ചു. മയൂര്‍ വിഹാര്‍-1, ഹൗസ് ഖാസ്, ദ്വാരക സെക്ടര്‍, മാല്‍വിയ നഗര്‍, ലജ്പത് നഗര്‍, മോഹന്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് മറ്റ് അര്‍പ്പണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ശേഖരിച്ച വസ്ത്രങ്ങള്‍ സംസ്‌കരണത്തിന് അയയ്‌ക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങളായി തരംതിരിക്കും. ഇതില്‍ 4,266 കിലോഗ്രാം പുനരുപയോഗത്തിനും അപ്സൈക്ലിംഗിനുമായി മാറ്റിവെച്ചപ്പോള്‍ 29,424 കിലോഗ്രാം റീസൈക്ലിംഗിനായി അയച്ചു. സ്വയംസഹായ സംഘങ്ങള്‍ പുനരുപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് റഗ്ഗുകള്‍, ഫോള്‍ഡറുകള്‍, കീറിംഗുകള്‍, പൗച്ചുകള്‍, ബാഗുകള്‍, തോരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇവ അര്‍പ്പണ്‍ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 10 കേന്ദ്രങ്ങളിലായി 27,036 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി. ആവശ്യമില്ലാത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരം അവ പുനരുപയോഗിക്കാനും റീസൈക്കിള്‍ ചെയ്യാനും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ഡല്‍ഹി നിവാസികളെ പദ്ധതിയുടെ ഭാഗമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2027 ജനുവരിയില്‍ 10 അര്‍പ്പണ്‍ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോഡല്‍ ടൗണ്‍, ഐഎന്‍എ, ഐപി എക്സ്റ്റന്‍ഷന്‍, പശ്ചിം വിഹാര്‍ വെസ്റ്റ്, രാജേന്ദ്ര പ്ലേസ്, ജനക്പുരി വെസ്റ്റ്, രാജൗരി ഗാര്‍ഡന്‍, ഗ്രേറ്റര്‍ കൈലാഷ്, ദ്വാരക സെക്ടര്‍ 10, ഛത്തര്‍പൂര്‍ മെട്രോ സ്റ്റേഷനുകളിലായിരിക്കും പുതിയ കേന്ദ്രങ്ങള്‍.