ന്യൂഡൽഹി: യെമനിൽ കണ്ടെത്തിയ മിസൈൽ അവശിഷ്ടം പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഹൂതികൾക്കെതിരായ ആക്രമണത്തിൽ സൗദി അറേബ്യ ചൈനീസ് നിർമിത DF-15A ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചിരിക്കാമെന്നാണ് ഓപ്പൺ സോഴ്സ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
സെപ്റ്റംബർ 14ന് യെമനിലെ മാരിബ് ഗവർണറേറ്റിലെ റഘ്‌വാൻ ജില്ലയിലാണ് മിസൈലിന്റെ ഭാഗമെന്ന് കരുതുന്ന അവശിഷ്ടം കണ്ടെത്തിയത്. സൗദി ആക്രമണത്തിന് പിന്നാലെയായിരുന്നു കണ്ടെത്തൽ.
അവശിഷ്ടത്തിന്റെ വലുപ്പം, ഘടന, നോസിലിന്റെ രൂപം എന്നിവ DF-15A മിസൈലിന്റെ ബൂസ്റ്റർ ഭാഗവുമായി സാമ്യമുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത് സോളിഡ്-ഫ്യൂവൽ മോട്ടോറിന്റെ ഭാഗമായിരിക്കാമെന്നും കരുതുന്നു.
ആദ്യഘട്ടത്തിൽ ഹൂതികളുടെ ബുർക്കാൻ-3, സുൽഫിഖർ മിസൈലുകളുടെ ഭാഗമാണെന്നായിരുന്നു സംശയം. എന്നാൽ പിന്നീട് ഈ സാധ്യത വിദഗ്ധർ തള്ളിക്കളയുകയാണ്. അതേസമയം, അവശിഷ്ടം DF-15Aയുടേതാണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സൗദി, ചൈന, യെമൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇത് DF-15A ആണെന്ന് പിന്നീട് സ്ഥിരീകരിച്ചാൽ, യുദ്ധഭൂമിയിൽ സൗദി ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതിന്റെ പ്രധാന തെളിവായി ഇത് മാറും. സൗദിയുടെ റോയൽ സൗദി സ്ട്രാറ്റജിക് മിസൈൽ ഫോഴ്സിന്റെ പ്രവർത്തനശേഷിയെക്കുറിച്ചും പുതിയ വിവരങ്ങൾ ലഭിക്കാം. എന്നാൽ മിസൈലിന്റെ വിക്ഷേപണസ്ഥലം, ഉപയോഗിച്ച സൈനിക യൂണിറ്റ്, വാർഹെഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.