ഒരു കോഴിമുട്ടയ്‌ക്ക് 4000 രൂപ! കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. ലോകത്തിലെ അപൂർവ കോഴിയിനങ്ങളിൽ ഒന്നായ അയാം സെമാനി ഇടുന്ന മുട്ടകൾക്കാണ് ഇത്രയും ഉയർന്ന വില ലഭിക്കുന്നത്. കോഴിയുടെ അപൂർവതയും പ്രജനനത്തിലെ ബുദ്ധിമുട്ടുകളുമാണ് മുട്ടയുടെ വില കുത്തനെ ഉയരാൻ പ്രധാന കാരണം.
ഇന്തോനേഷ്യയിൽ നിന്നുള്ള ഈ കോഴിയിനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിന്റെ നിറമാണ്. തൂവലുകൾ മാത്രമല്ല, ശരീരത്തിന്റെ പല ആന്തരിക ഭാഗങ്ങളിലും വരെ കറുപ്പ് നിറം കാണാം. സാധാരണ കോഴികളിൽനിന്ന് പൂർണമായും വ്യത്യസ്തമായ ഈ രൂപമാണ് അയാം സെമാനിയെ ലോകശ്രദ്ധയിലെത്തിച്ചത്.
പേരിലും ഈ പ്രത്യേകത ഒളിഞ്ഞുകിടക്കുന്നു. ഇന്തോനേഷ്യൻ ഭാഷയിൽ ‘അയാം’ എന്നത് കോഴിയെന്നും ‘സെമാനി’ എന്നത് പൂർണമായും കറുത്തത് എന്നുമാണ് അർഥം. അതായത് പേരുതന്നെ ഈ കോഴിയുടെ രൂപത്തെ കൃത്യമായി വിശേഷിപ്പിക്കുന്നു.
കറുപ്പിന് പിന്നിൽ ജനിതക രഹസ്യം
അയാം സെമാനിയുടെ ശരീരത്തിന് കറുപ്പ് നിറം നൽകുന്നത് പ്രത്യേക ജനിതക ഘടനയാണ്. ശരീരത്തിലെ കോശങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന അളവിൽ മെലാനിൻ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഇതിന്റെ ഫലമായി ഫൈബ്രോമെലനോസിസ് എന്ന ജനിതക അവസ്ഥ രൂപപ്പെടുന്നു.
ഇതുകൊണ്ടുതന്നെ ശരീരത്തിലെ തൂവലുകൾ, ചർമ്മം, കൊക്ക്, കാലുകൾ തുടങ്ങിയ പല ഭാഗങ്ങൾക്കും കറുത്ത നിറം ലഭിക്കുന്നു. ഈ അസാധാരണമായ രൂപമാണ് അയാം സെമാനിയെ മറ്റ് കോഴിയിനങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
കോഴി കറുപ്പ്, മുട്ടയോ?
കോഴിയുടെ ശരീരം മുഴുവൻ കറുത്തതാണെങ്കിലും മുട്ടയ്‌ക്ക് കറുപ്പ് നിറമല്ല. സാധാരണയായി ക്രീം നിറത്തിലോ ഇളം പിങ്ക് കലർന്ന തവിട്ടുനിറത്തിലോ ആയിരിക്കും മുട്ടകൾ. അയാം സെമാനി കറുത്ത മുട്ടയിടുമെന്ന പ്രചാരണം ശരിയല്ല.
ഒരു മുട്ടയ്‌ക്ക് ശരാശരി 45 ഗ്രാം ഭാരമുണ്ടാകും. എന്നാൽ മുട്ടയിടുന്നതിൽ ഈ കോഴികൾ മറ്റ് ഇനങ്ങളെപ്പോലെ മുന്നിലല്ല. ഒരു വർഷം ഏകദേശം 60 മുതൽ 80 മുട്ടകൾ മാത്രമാണ് ലഭിക്കുക. അതും സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രം.
‘കോഴികളുടെ ലംബോർഗിനി’
അപൂർവതയും ഉയർന്ന വിലയും വ്യത്യസ്തമായ രൂപവും കാരണം അയാം സെമാനിയെ പലപ്പോഴും ‘കോഴികളുടെ ലംബോർഗിനി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യയിലാണ് ഈ ഇനത്തിന്റെ ഉത്ഭവം. അവിടെ ചിലർ അയാം സെമാനിക്ക് പ്രത്യേകവും നിഗൂഢവുമായ ഗുണങ്ങളുണ്ടെന്ന വിശ്വാസവും പുലർത്തുന്നു.
വംശശുദ്ധിയാണ് ഇവയുടെ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പൂർണ വംശശുദ്ധിയുള്ള അയാം സെമാനി കോഴിക്കുഞ്ഞിന് 6000 രൂപയിലധികം വില വരാം. ശുദ്ധമായ വംശപരമ്പര ഉറപ്പാക്കാനാകുന്ന പക്ഷം വില ഇനിയും ഉയരാം.
വിദേശത്ത് വളർത്താനും വെല്ലുവിളി
ഇന്തോനേഷ്യയ്‌ക്ക് പുറത്തേക്ക് അയാം സെമാനിയെ വളർത്തിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. പുതിയ പ്രദേശങ്ങളിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ടുകൾ പ്രജനനത്തെ ബാധിക്കാം.
വളർച്ചയുടെ വേഗവും കുറവാണ്. മുട്ടയിടാൻ കൂടുതൽ സമയം വേണ്ടിവരുന്നതും ഉൽപ്പാദനം പരിമിതപ്പെടുത്തുന്നു. അപൂർവത, കുറഞ്ഞ മുട്ടയുൽപ്പാദനം, പ്രജനനത്തിലെ വെല്ലുവിളികൾ, വംശശുദ്ധി എന്നിവയെല്ലാം ചേർന്നാണ് അയാം സെമാനിയുടെ മുട്ടയ്‌ക്കും കോഴിക്കും അസാധാരണമായ വില ലഭിക്കുന്നത്.















