ഹൈദരാബാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒളിവുജീവിതത്തിന് വിരാമമിട്ട് മുതിർന്ന മാവോയിസ്റ്റ് വനിത നേതാവ് പോലീസിന് മുന്നിൽ കീഴടങ്ങി. ഛത്തീസ്ഗഢിലെ മാഡ് ഡിവിഷൻ കമ്മിറ്റി അംഗമായിരുന്ന നക്ക സുശീല റാണി (57) ആണ് നിസാമാബാദ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. ബോധൻ ഷക്കർ നഗർ സ്വദേശിനിയാണ് സുശീല റാണി.
ലത, ലളിത, റേല, ജ്യോതി, മാധവി, ശ്വേത എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന സുശീല റാണി മാഡ് ഡിവിഷൻ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിഭാഗത്തിലും പ്രവർത്തിച്ചിരുന്നു. 1992ലാണ് നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ മുൻഗാമിയായ സിപിഐ (എംഎൽ) പീപ്പിൾസ് വാർ ഗ്രൂപ്പിൽ ചേർന്നത്. 1996ൽ ഏരിയ കമ്മിറ്റി അംഗമായും 2002ൽ ഡിവിഷൻ കമ്മിറ്റി അംഗമായും ഉയർന്നു.
പഠനം ഉപേക്ഷിച്ച് അജ്ഞാതജീവിതത്തിലേക്ക്
ഹൈദരാബാദിൽ ബിഎസ്‌സി പഠിക്കുന്നതിനിടെയാണ് സുശീല റാണി മാവോയിസ്റ്റ് നേതാവ് സുന്കര രാമമോഹൻ റാവുമായി പരിചയപ്പെടുന്നത്. 1990ൽ ഇരുവരും വിവാഹിതരായി. 1992 ഫെബ്രുവരിയിൽ നക്സൽ പ്രവർത്തനത്തിലേക്ക് മാറിയതോടെ സുശീലയുടെ സാധാരണ ജീവിതവും പഠനവും അവസാനിച്ചു. പിന്നീട് ബിഎഡിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഢ് തുടങ്ങിയ മേഖലകളിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രാഷ്‌ട്രീയ വിദ്യാഭ്യാസവും കേഡർ പരിശീലനവും ഉൾപ്പെടെയുള്ള ചുമതലകളാണ് പ്രധാനമായും വഹിച്ചത്. 2025 ജനുവരി വരെ മാഡ് ഡിവിഷൻ കമ്മിറ്റിയിലായിരുന്നു പ്രവർത്തനം. പിന്നീട് സായുധസേന നക്സൽ വേട്ട ശക്തമാക്കിയതോടെ ഒളിവ് ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതയാവുകയായിരുന്നു.
സുശീല റാണിയുടെ ആദ്യ ഭർത്താവ് സുന്കര രാമമോഹൻ റാവു 2001ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 2004ൽ മാവോയിസ്റ്റ് നേതാവ് സമല വെങ്കടേശ്വരുവിനെ വിവാഹം ചെയ്തു. ഇയാൾ 2006ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു 1998ൽ നള്ളമല വനമേഖലയിൽ മാവോയിസ്റ്റുകൾക്കിടയിൽ നടന്ന വെടിവയ്പ്പിലും സുശീല റാണിക്ക് പരിക്കേറ്റിരുന്നു.
തെലങ്കാന സർക്കാരിന്റെ കീഴടങ്ങൽ-പുനരധിവാസ നയപ്രകാരം സുശീല റാണിക്ക് അഞ്ച് ലക്ഷം രൂപയുടെ റിവാർഡും 25,000 രൂപ ഇടക്കാല ധനസഹായവും അനുവദിച്ചിട്ടുണ്ട്. പുനരധിവാസ നയത്തിലെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
2026ൽ 266 മാവോയിസ്റ്റുകൾ
സുശീല റാണിയുടെ കീഴടങ്ങലോടെ തെലങ്കാനയിൽ ഈ വർഷം ഇതുവരെ പോലീസിന് മുന്നിൽ കീഴടങ്ങിയ മാവോയിസ്റ്റ് കേഡറുകളുടെ എണ്ണം 266 ആയി. ഇവരിൽ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്നതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. 2026ൽ ഇതുവരെ 238 തോക്കുകളും ആയുധങ്ങളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒളിവുജീവിതം ജീവിതത്തിന് ശേഷമുള്ള സുശീല റാണിയുടെ കീഴടങ്ങൽ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പ്രധാന സംഭവമായാണ് പൊലീസ് വിലയിരുത്തുന്നത്. ശേഷിക്കുന്നവരും സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രയോജനപ്പെടുത്തി മുഖ്യധാരയിലേക്ക് വരണമെന്ന് പൊലീസ് അഭ്യർഥിച്ചു.















