ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സബ്വേ സ്റ്റേഷനില്‍ ട്രെയിന്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജയായ യുവതിയും നേപ്പാളി അമേരിക്കന്‍ യുവാവും മരിച്ചു. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ രാവിലെയാണ് സംഭവം. ന്യൂജേഴ്സിയിലെ ഡെയ്ട്ടണ്‍ സ്വദേശിയായ മലൈക ചിത്രെ (24), സെയ്രെവില്ലെ സ്വദേശിയായ നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്. ഡൗണ്‍ടൗണ്‍ ഭാഗത്തേക്ക് പോകുകയായിരുന്ന നമ്പര്‍ 4 ട്രെയിന്‍ എത്തുന്നതിനിടെയാണ് ഇരുവരും ട്രാക്കില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, ഇരുവരും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നതിനിടെ ഒരാള്‍ ട്രാക്കിലേക്ക് വീഴുകയും മറ്റേയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.















