ലോസ് ആഞ്ചലസ്: മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ബിസി4 ലോസ് ആഞ്ചലസിന്റെ വാര്‍ത്താ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ചാറ്റ്‌സ്വര്‍ത്ത് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രണ്ട് വാണിജ്യ കെട്ടിടങ്ങള്‍ക്കിടയിലേക്കാണ് വിമാനം പതിച്ചത്. പിന്നാലെ തീപിടിത്തമുണ്ടായി.
എന്‍ബിസി4യുടെ ന്യൂസ്ചോപ്പര്‍4 ആണ് അപകടത്തില്‍പ്പെട്ടത്. ആഞ്ചല്‍ സിറ്റി എയറാണ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. സംഭവസമയത്ത് നിരവധി വാര്‍ത്താ ഹെലികോപ്റ്ററുകള്‍ പ്രദേശത്തുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അപകടസ്ഥലത്തിന് ഏകദേശം 1.6 കിലോമീറ്റര്‍ അകലെയാണ് നേരത്തെ നടന്ന ബസ് അപകടസ്ഥലം.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50ലധികം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഇതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് എസ്യുവിയും മെട്രോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം നടത്തും. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അനുശോചനം രേഖപ്പെടുത്തി.