ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) എന്നിവയ്‌ക്ക് ബാധകമായ പരമാവധി ശമ്പളപരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇതോടെ ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് അധികമായി സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കും. തീരുമാനത്തിന്റെ ഭാഗമായി സര്‍ക്കാരിന് 11,339 കോടി രൂപയുടെ ചെലവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്ന ശമ്പളപരിധിയാണ് 15,000 രൂപ. ഈ പരിധിയില്‍ ജീവനക്കാരുടെ 12 ശതമാനം, അതായത് പരമാവധി 1,800 രൂപ, ഇപിഎഫിലേക്ക് അടയ്‌ക്കുകയും സമാന തുക തൊഴിലുടമയും നല്‍കുകയും ചെയ്യുന്നു. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കാണ് പോകുന്നത്. പുതിയ പരിധിയായ 25,000 രൂപ പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ വിഹിതം 3,000 രൂപയായി ഉയരും.

തൊഴിലുടമയുടെ 3,000 രൂപയില്‍ 2,082 രൂപ പെന്‍ഷന്‍ ഫണ്ടിലേക്കും 918 രൂപ ഇപിഎഫിലേക്കും എത്തും. ഇതോടെ ഇപിഎഫിലേക്കുള്ള ആകെ പ്രതിമാസ വിഹിതം 3,918 രൂപയാകും. നിലവിലുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം 1,250 രൂപയില്‍ നിന്ന് 2,082 രൂപയായി ഉയരുന്നതിനാല്‍ വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനയുണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷത്തെ വേതന-ജീവിതച്ചെലവ് വര്‍ധന കണക്കിലെടുത്താണ് പരിധി പുതുക്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി.

Share