ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടീമിലെ മത്സരത്തെക്കുറിച്ചും പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍. താരങ്ങള്‍ തമ്മിലുള്ള മത്സരം ടീമിന്റെ വലിയ ലക്ഷ്യത്തെ ബാധിക്കരുതെന്നും ഇന്ത്യക്കായി കളിക്കുമ്പോള്‍ വ്യക്തിപരമായ നിരാശകള്‍ക്ക് പ്രാധാന്യം നല്‍കാനാകില്ലെന്നും സഞ്ജു വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് പന്തില്‍ 10 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ താരം വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി. വെറും 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. വിജയത്തിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ടീമിലെ താരങ്ങള്‍ തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള തന്റെ നിലപാട് സഞ്ജു വ്യക്തമാക്കിയത്.
”പുറത്തുള്ളവര്‍ക്ക് വൈഭവും അഭിഷേക് ശര്‍മ്മയും മത്സരാര്‍ത്ഥികളായിരിക്കാം. എന്നാല്‍ ഞങ്ങള്‍ ഒരു ടീമും ഒരു രാജ്യത്തിനുവേണ്ടി കളിക്കുന്നവരുമാണ്. ആദ്യം മത്സരം ജയിക്കണം. അതിന് ശേഷമാണ് വ്യക്തികളെക്കുറിച്ച് ചിന്തിക്കേണ്ടത്. ‘എനിക്ക് അവസരം കിട്ടിയില്ല, അവന് എന്തുകൊണ്ട് നല്‍കി’ എന്നൊക്കെ ചിന്തിച്ച് നിരാശപ്പെടാനോ നെഗറ്റീവ് മനോഭാവത്തിലാകാനോ കഴിയില്ല. അത്തരം ചിന്തകള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല,” സഞ്ജു പറഞ്ഞു. തുടര്‍ച്ചയായ മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചതിന്റെ കാരണവും സഞ്ജു വിശദീകരിച്ചു. ടീമിലെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും താരങ്ങളുടെ ഫോമിനെയും മത്സരം ജയിക്കേണ്ട ആവശ്യകതയെയും ആശ്രയിച്ചായിരിക്കുമെന്ന് താരം പറഞ്ഞു.
”ഇന്ത്യന്‍ ടീമിനായി കളിക്കുകയും റണ്‍സ് നേടുകയും ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. 700-800 റണ്‍സ് നേടിയെത്തിയ 15കാരനായ ഒരു താരത്തെയാണ് നമ്മള്‍ കാണുന്നത്. അതിന് മുമ്പ് ഞാന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു. അതിന് ശേഷം അവന്‍ മികച്ച പ്രകടനം നടത്തി. അതുകൊണ്ട് തന്നെ മറ്റൊരു രീതിയില്‍ അവന് ടീമിലെത്തേണ്ട സാഹചര്യമുണ്ടായി,” സഞ്ജു പറഞ്ഞു. ”രണ്ടോ മൂന്നോ മത്സരങ്ങളില്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അവന്‍ ഫോമിലായിരുന്നു. ആ പരമ്പരയില്‍ മത്സരങ്ങള്‍ ജയിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള ആ തീരുമാനം വളരെ സ്വാഭാവികമായിരുന്നു,” എന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിമര്‍ശനങ്ങളും എങ്ങനെ നേരിടുന്നുവെന്നും സഞ്ജു തുറന്നുപറഞ്ഞു. പുറത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം. ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ പുറത്തുനിന്നുള്ള ചര്‍ച്ചകള്‍ ബാധിക്കുമെന്നും എന്നാല്‍ അതിനിടയിലും സ്വന്തം മനോഭാവത്തിലും തയ്യാറെടുപ്പിലും വ്യക്തത പുലര്‍ത്തേണ്ടത് പ്രധാനമാണെന്നും താരം വ്യക്തമാക്കി. വിമര്‍ശനങ്ങളും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തന്നെ ബാധിക്കാറുണ്ടെന്നും എന്നാല്‍ അനുഭവസമ്പത്ത് ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ സഹായിച്ചിട്ടുണ്ടെന്നും സഞ്ജു വ്യക്തമാക്കി.















