വടകര: കെഎസ്ഇബി ജീപ്പില്‍ മരച്ചില്ല വെട്ടുന്നതിനുള്ള ഉപകരണവുമായി പോകുന്നതിനിടെ കൊടുവാള്‍ തെറിച്ചുവീണ് കാല്‍നടയാത്രക്കാരിയായ 75കാരിക്ക് ഗുരുതര പരിക്ക്. മണിയൂര്‍ ചെല്ലട്ട് പൊയില്‍ കാളാംപുതുക്കുടി ജാനകിക്കാണ് പരിക്കേറ്റത്. ജീപ്പിന് മുകളില്‍ കെട്ടിവെച്ചിരുന്ന തോട്ടിയില്‍ നിന്നാണ് കൊടുവാള്‍ തെറിച്ചതെന്നാണ് വിവരം. വടകര മണിയൂര്‍ ഹൈസ്‌കൂളിന് സമീപം ബുധനാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടം. ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി മണിയൂര്‍ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാര്‍ ജീപ്പില്‍ പോകുന്നതിനിടെയാണ് സംഭവം.
തോട്ടിയില്‍ കൊടുവാള്‍ കെട്ടിവെച്ചിരുന്ന ബോള്‍ട്ട് ഇളകിയതിനെ തുടര്‍ന്ന് ഉപകരണം തെറിച്ചുവീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനകിയെ അതേ കെഎസ്ഇബി ജീപ്പില്‍ തന്നെ വടകര ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിഗണിച്ച് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെഎസ്ഇബി ജീവനക്കാര്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി കൊണ്ടുപോയ ഉപകരണം സുരക്ഷിതമായി കെട്ടിവെച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.















