17 വർഷത്തിന് ശേഷം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം; ജനലക്ഷങ്ങളെ സാക്ഷി നിർത്തി 12 ഗോപുരങ്ങളിലും പുണ്യജലാഭിഷേകം, മധുരയിൽ ഭക്തിസാഗരം

Published by
ജനം വെബ്‌ഡെസ്ക്

മധുര: പതിനേഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മധുരയിലെ ലോകപ്രശസ്ത മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ഗംഭീരമായി നടന്നു. വ്യാഴാഴ്ച രാവിലെ നടന്ന മഹാചടങ്ങിന് ലക്ഷക്കണക്കിന് ഭക്തരാണ് സാക്ഷ്യം വഹിച്ചത്. വേദമന്ത്രങ്ങളും ഭക്തിഗാനങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ ക്ഷേത്രത്തിലെ 12 ഗോപുരങ്ങളിലും പുണ്യജലം നിറച്ച കലശങ്ങളിൽ നിന്ന് അഭിഷേകം നടത്തി.

മഹാ കുംഭാഭിഷേകത്തിനായി ക്ഷേത്രത്തിൽ നിരവധി മാസങ്ങളായി വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടന്നത്. ഏകദേശം 25 കോടി രൂപ ചെലവഴിച്ചാണ് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച വീരവസന്താരയ മണ്ഡപത്തിന്റെ പുനർനിർമാണവും ഇതിന്റെ ഭാഗമായി പൂർത്തിയാക്കി തുറന്നുകൊടുത്തു.

184 കുണ്ഡങ്ങളുള്ള യാഗശാല

കുംഭാഭിഷേക ചടങ്ങുകൾക്കായി നോർത്ത് ആദി റോഡിൽ 184 കുണ്ഡങ്ങളുള്ള വിപുലമായ യാഗശാലയാണ് ഒരുക്കിയത്. പ്രധാന ദേവതകളായ മീനാക്ഷി അമ്മനും സുന്ദരേശ്വരനും പ്രത്യേകമായി തയ്യാറാക്കിയ സ്വർണ കലശങ്ങളും യാഗശാലയിൽ സ്ഥാപിച്ചിരുന്നു.

ഗംഗ, യമുന, കാവേരി, വൈഗൈ തുടങ്ങിയ പുണ്യനദികളിൽ നിന്ന് കൊണ്ടുവന്ന ജലം കലശങ്ങളിൽ നിറച്ചാണ് യാഗശാലയിലെ പൂജകൾ നടത്തിയത്. 400-ലധികം ശിവാചാര്യന്മാരുടെ നേതൃത്വത്തിലായിരുന്നു യാഗചടങ്ങുകൾ. സെപ്റ്റംബർ 11ന് ആദ്യ യാഗശാല പൂജകൾ ആരംഭിച്ചതിന് പിന്നാലെ വിവിധ ഘട്ടങ്ങളിലായി പ്രത്യേക പൂജകളും നടന്നു.

414 പരിവാര ദേവതകൾക്കും കുംഭാഭിഷേകം

മഹാ കുംഭാഭിഷേകത്തിന് മുന്നോടിയായി പരിവാര ദേവതകൾക്കുള്ള കുംഭാഭിഷേകവും പൂർത്തിയാക്കി. പുലർച്ചെ യാഗശാല പൂജകൾക്ക് ശേഷം പുണ്യജലം നിറച്ച കലശങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. ആനയുടെയും കാളയുടെയും എഴുന്നള്ളിപ്പും വാദ്യമേളങ്ങളും ചടങ്ങിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കി.

സിദ്ധി വിനായകർ, കൂടൽ കുമാർ, ദക്ഷിണാമൂർത്തി, ദുർഗ്ഗ, മഹാലക്ഷ്മി, പാതിരകാളി, അഗ്നി വീരഭദ്രർ, 63 നായന്മാർ, നവഗ്രഹങ്ങൾ എന്നിവയുൾപ്പെടെ 414 പരിവാര ദേവതകൾക്ക് പുണ്യജലം ഒഴിച്ച് കുംഭാഭിഷേകം നടത്തി.

സ്വർണവിമാനങ്ങൾ, ശ്രീകോവിൽ വിമാനങ്ങൾ, 12 ഗോപുരങ്ങൾ തുടങ്ങിയവയ്‌ക്കും ചടങ്ങുകളുടെ ഭാഗമായി കുംഭാഭിഷേകം നടത്തി. ആയിരക്കണക്കിന് ഭക്തർ ഈ ചടങ്ങുകൾക്ക് സാക്ഷിയായി.

7.40ന് 12 ഗോപുരങ്ങളിൽ മഹാ കുംഭാഭിഷേകം

മഹാ കുംഭാഭിഷേക ദിനത്തിൽ പുലർച്ചെ 3.45ന് പന്ത്രണ്ടാം കാലയാഗ പൂജ നടന്നു. തുടർന്ന് 5.45ഓടെ യാഗശാലയിൽ പൂജിച്ച കലശങ്ങൾ പുറപ്പെട്ടു . ആചാര്യന്മാർ പുണ്യജലം നിറച്ച കലശങ്ങളുമായി നാല് രാജഗോപുരങ്ങൾ ഉൾപ്പെടെ ക്ഷേത്രത്തിലെ 12 ഗോപുരങ്ങളിലേക്കെത്തി.

രാവിലെ 7.40ഓടെ 12 ഗോപുരങ്ങളിലും മഹാ കുംഭാഭിഷേകം നടന്നു. വേദമന്ത്രങ്ങൾ മുഴങ്ങുന്നതിനിടെ കലശങ്ങളിൽ നിന്ന് പുണ്യജലം ഗോപുരങ്ങളിലേക്ക് ഒഴിച്ചു. ഈ അപൂർവ ചടങ്ങ് കാണാൻ മധുരയിലെ നാല് മാസി വീഥികളിലും സമീപപ്രദേശങ്ങളിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

തുടർന്ന് രാവിലെ 8.10ന് മീനാക്ഷി അമ്മനും 8.50ന് സുന്ദരേശ്വരനും പുണ്യജലം ഉപയോഗിച്ച് മഹാ കുംഭാഭിഷേകം നടത്തി. അലങ്കാരത്തിനും പ്രത്യേക ദീപാരാധനയ്‌ക്കും ശേഷം ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യവും ഒരുക്കി.

കുംഭാഭിഷേകം നേരിട്ട് കാണാൻ കഴിയാത്ത ഭക്തർക്കായി വൈകിട്ട് ഏഴിന് മീനാക്ഷി അമ്മനെയും സുന്ദരേശ്വരനെയും നാല് പ്രധാന മാസി വീഥികളിലൂടെ എഴുന്നള്ളിക്കാനും ക്രമീകരിച്ചിട്ടുണ്ട്.

മധുര നഗരം ഉത്സവപ്രഭയിൽ

കുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ 12 ഗോപുരങ്ങളും മതിലുകളും മരങ്ങളും പൊൻതാമരൈ കുളവും പ്രത്യേകമായി അലങ്കരിച്ചു. വൈദ്യുത ദീപാലങ്കാരത്തിൽ ഗോപുരങ്ങൾ രാത്രിയിൽ അതിമനോഹരമായ കാഴ്ചയായി. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം രാജഗോപുരങ്ങൾ പുതുമയാർന്ന രൂപത്തിൽ തിളങ്ങി. വലിയ പുഷ്പമാലകളാലും ഗോപുരങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലും വാഴത്തൂണുകളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നു.

കുംഭാഭിഷേകത്തിന്റെ ഭാഗമായി ഭക്തർക്കായി രണ്ട് ലക്ഷം പ്രസാദ സഞ്ചികൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും നടത്തി. ക്ഷേത്രത്തിലേക്കുള്ള വഴികൾ വ്യക്തമാക്കാൻ ക്യുആർ കോഡ് ഉൾപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചു.

ഭക്തർക്കായി മധുര കോർപ്പറേഷൻ 17 ശുദ്ധീകരിച്ച കുടിവെള്ള സ്റ്റേഷനുകളും 26 കുടിവെള്ള ടാങ്കുകളും ഒരുക്കി. 27 സ്ഥലങ്ങളിലായി 54 മെഡിക്കൽ ക്യാമ്പുകളും സജ്ജീകരിച്ചു. കുംഭാഭിഷേകം നേരിട്ട് കാണാൻ കഴിയാത്തവർക്കായി 51 സ്ഥലങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചു.

ക്ഷേത്രത്തിലും നഗരത്തിലുമായി 6500 പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചത്. ക്ഷേത്രത്തിന്റെ മുകൾനിലയിൽ നിന്ന് കുംഭാഭിഷേകം കാണുന്നതിനായി ഏകദേശം 9000 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു.

17 വർഷത്തിന് ശേഷം നടന്ന മഹാ കുംഭാഭിഷേകത്തെ വരവേൽക്കാൻ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരും മധുരയിലെത്തി. ക്ഷേത്രവും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞതോടെ മധുര നഗരം തന്നെ വലിയ ആത്മീയോത്സവത്തിന്റെ വേദിയായി മാറി.

രാവിലെ 10 മുതൽ രാത്രി വരെ ഭക്തർക്ക് പ്രധാന ദേവതകളെ ദർശിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മഹാ കുംഭാഭിഷേകത്തിന്റെ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മധുര ഇപ്പോൾ ആഘോഷത്തിന്റെയും ഭക്തിയുടെയും നിറവിലാണ്.

Share