കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ സുഹൃത്തുക്കളായ യുവതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശിനി അനില ബേബി ഇപ്പോൾ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. മിൽപിറ്റാസ് പോലീസാണ് സംഭവത്തിന് പിന്നാലെ അനിലയെ കസ്റ്റഡിയിലെടുത്തത്.
സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അഡ്‌മിനിസ്‌ട്രേറ്റീവ് സെഗ്രിഗേഷൻ വിംഗിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. സാധാരണ ജയിൽ സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായ കർശന നിയന്ത്രണങ്ങളാണ് ഇവിടെ.
ഏകദേശം 48 ചതുരശ്ര അടി വിസ്തീർണമുള്ള സെല്ലാണ് അനിലയ്‌ക്കായി അനുവദിച്ചിരിക്കുന്നത്. ചുവരിനോട് ചേർന്നുള്ള കിടക്കയും സ്റ്റീൽ ക്ലോസറ്റുമാണ് മുറിയിലെ പ്രധാന സൗകര്യങ്ങൾ. ദിവസത്തിൽ ഏകദേശം 23 മണിക്കൂറും സെല്ലിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്. ഭക്ഷണവും മരുന്നും സെല്ലിന്റെ വാതിലിലെ പ്രത്യേക ഒഴിവ് വഴിയാണ് കൈമാറുന്നത്. ഇടയ്‌ക്കിടെ വസ്ത്രം അഴിപ്പിച്ച് ദേഹ പരിശോധന നടത്തുകയും ചെയ്യും.
സെല്ലിൽ 24 മണിക്കൂറും മങ്ങിയ വെളിച്ചമാണ്. ആത്മഹത്യ സാധ്യത കണക്കിലെടുത്ത് 15 മിനിറ്റ് ഇടവിട്ട് ജയിൽ ജീവനക്കാർ പരിശോധന നടത്തുകയും ചെയ്യും. അഭിഭാഷകനുമായി കൂടിക്കാഴ്ചയ്‌ക്കോ കോടതിയിൽ ഹാജരാക്കുന്നതിനോ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ കർശന സുരക്ഷാ നടപടികളാണ് പിന്തുടരുന്നത്.
ജയിൽ കെട്ടിടത്തിന് സമീപത്താണ് കോടതി സമുച്ചയമെങ്കിലും പ്രതികളെ സാധാരണ റോഡിലൂടെ കൊണ്ടുപോകുന്നില്ല. ഭൂഗർഭ പാതയിലൂടെയാണ് കോടതിയിലേക്ക് മാറ്റുന്നത്. ആൻ മേരി മാത്യൂ, അഞ്ജന വിജീഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അനില ബേബിക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റവും ചുമത്തിയിട്ടുണ്ട്.
അമേരിക്കൻ നിയമനടപടികൾ പ്രകാരം കേസ് തീർപ്പാകാൻ ദീർഘകാലം എടുത്തേക്കാം. വിചാരണയിൽ കുറ്റം തെളിയുകയാണെങ്കിൽ, നിലവിലുള്ള കുറ്റചുമത്തലുകൾ പ്രകാരം 51 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ഉൾപ്പെടെയുള്ള കനത്ത ശിക്ഷ നേരിടേണ്ടിവരാം.
നിലവിൽ അനില കൗണ്ടി ജയിലിലാണ് കഴിയുന്നത്. കോടതി നടപടികൾ പൂർത്തിയാകുകയും കുറ്റം തെളിയുകയും ചെയ്താൽ, നിയമപ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റപ്പെടാനുള്ള സാധ്യതയുമുണ്ട്.