മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാര്‍ക്കര്‍ തുടരുമോ എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. അഗാര്‍ക്കറുടെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ, പകരക്കാരായി മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ഥിവ് പട്ടേലും പ്രഗ്യാന്‍ ഓജയും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അഗാര്‍ക്കറുടെ ഭാവിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അടുത്ത ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കാലാവധി നീട്ടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അഗാര്‍ക്കര്‍ക്ക് പകരക്കാരെ തേടുന്ന സാഹചര്യത്തില്‍ പാര്‍ഥിവ് പട്ടേലിന്റെയും പ്രഗ്യാന്‍ ഓജയുടെയും പേരുകളാണ് മുന്‍നിരയില്‍ ഉയരുന്നത്.
ബുധനാഴ്ച നടന്ന സിലക്ഷന്‍ കമ്മിറ്റി യോഗം അഗാര്‍ക്കറുടെ അവസാന യോഗമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജൂലൈയിലാണ് അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാലയളവില്‍ ഇന്ത്യ 2024, 2026 ട്വന്റി20 ലോകകപ്പുകളും 2025 ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചതും അഗാര്‍ക്കറുടെ കാലയളവിലെ പ്രധാന സെലക്ഷന്‍ തീരുമാനങ്ങളിലൊന്നായിരുന്നു.
അതേസമയം, ഏപ്രിലില്‍ ബിസിസിഐ അഗാര്‍ക്കറുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കിയതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2027 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് തുടര്‍ച്ച ഉറപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. ഇപ്പോഴത്തെ കാലാവധിയും ഭാവിയിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച പുതിയ തീരുമാനം ബിസിസിഐ യോഗത്തിന് ശേഷമേ വ്യക്തമാകൂ.