വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: വിവാഹച്ചടങ്ങുകള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കാറ്ററിങ് സ്ഥാപന ഉടമ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഉദയം കാറ്ററിങ് ആന്‍ഡ് ഇവന്റ്‌സ്’ ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വിളിച്ചുവരുത്തിയ ശേഷമാണ് വിഷ്ണു മോഹനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഭക്ഷണം എത്തിച്ചില്ലെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കുന്നത്താട് പൊലീസ് സ്റ്റേഷനിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് പരാതി. എന്നാല്‍, പറഞ്ഞ സമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.

സംഭവത്തില്‍ ബിഎന്‍എസ് 316, 318 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Share