പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിലാണ് അപകടം. സുകുമാരൻ നായർ സഞ്ചരിച്ച കാർ ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിന് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നേരിയ രക്തസ്രാവമുണ്ടായി. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സുകുമാരൻ നായരുടെ കാറിലുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാറുമായി കൂട്ടിയിടിച്ച ടെമ്പോ വാനിലുണ്ടായിരുന്നവർക്കും പരുക്കില്ല. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ കാറിന്റെ ഒരു വശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. വീഴ്ചയിൽ തുടയെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ദീർഘനാൾ വിശ്രമത്തിലായിരുന്ന ജി. സുകുമാരൻ നായർ അടുത്തിടെയാണ് സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്.