നിസ്ഷിന്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മ. ബംഗ്ലാദേശിനെതിരായ സെമിഫൈനലില്‍ 49 പന്തില്‍ സെഞ്ചുറി നേടിയ ഷഫാലി, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിക്ക് ഉടമയായി. ഷഫാലിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 49 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന ഷഫാലിയുടെ ഇന്നിങ്സില്‍ ഒന്‍പത് സിക്സും മൂന്ന് ഫോറും ഉള്‍പ്പെട്ടു. ഇതോടെ സ്വര്‍ണമെഡല്‍ പോരാട്ടത്തിലേക്ക് മുന്നേറാന്‍ ബംഗ്ലാദേശിന് 196 റണ്‍സാണ് വിജയലക്ഷ്യം.
മത്സരത്തില്‍ നേരത്തെ തന്നെ സ്മൃതി മന്ദാനയും റെക്കോര്‍ഡ് കുറിച്ചിരുന്നു. ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 100 സിക്സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിനിടെ തന്നെ ഷഫാലി മന്ദാനയെ മറികടന്നു. വനിതാ ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമായി ഷഫാലി മാറി. 104 സിക്സുകളാണ് ഷഫാലിയുടെ പേരിലുള്ളത്. 2026ല്‍ വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഷഫാലി സ്വന്തമാക്കി.
ഈ വര്‍ഷം ഇതുവരെ 35 സിക്സുകളാണ് താരം നേടിയത്. 2024ല്‍ ചമാരി അത്തപത്തുവിന്റെ പേരിലുണ്ടായിരുന്ന 32 സിക്സുകളുടെ റെക്കോര്‍ഡാണ് ഷഫാലി മറികടന്നത്. 2026ലെ വനിതാ ടി20 റണ്‍വേട്ടയിലും ഷഫാലി മുന്നേറുകയാണ്. ഈ വര്‍ഷം 815 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കലണ്ടര്‍ വര്‍ഷത്തിലെ റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഷഫാലി. വോള്‍വാര്‍ട്ട് 824 റണ്‍സാണ് നേടിയിട്ടുള്ളത്. ഷഫാലിക്ക് പുറമെ സ്മൃതി മന്ദാന 18 പന്തില്‍ 37 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ 40 റണ്‍സും നേടി. ബംഗ്ലാദേശിനായി സഞ്ജിദ അക്തര്‍ മെഘ്ല, മര്‍ഫ അക്തര്‍, നഹിദ അക്തര്‍, റബേയ ഖാത്തൂന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മത്സരത്തില്‍ 196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ 15 ഓവറില്‍ 81 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യ ഗോള്‍ഡ് മെഡല്‍ മാച്ചിലേക്ക് മുന്നേറുകയും ചെയ്തു. ബംഗ്ലാദേശിനായി ദിലാറ അക്തര്‍ 27 ആണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപ്തി ശര്‍മയും നന്ദിനി ശര്‍മയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ശ്രീ ചരണി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.