ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞ അനുഭവങ്ങളിലൊന്ന് വെളിപ്പെടുത്തി. സിക്കിമില്‍ യുവ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അതിര്‍ത്തി ദൗത്യത്തിന് പോയ സംഘം തിരിച്ചെത്താതിരിക്കുകയും പിന്നീട് അവര്‍ ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്ന് അറിയുകയും ചെയ്ത സംഭവമാണ് ഡോവല്‍ ഓര്‍ത്തെടുത്തത്. ഐഐടി റൂര്‍ക്കിയുടെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.

സിക്കിം ഇന്ത്യയുടെ ഭാഗമാകുന്ന കാലത്ത് താന്‍ ഇരുപതുകളില്‍ പ്രായമുള്ള യുവ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും പ്രദേശത്തെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി മേഖലകളിലെ ചൈനീസ് സൈനികരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു പ്രധാന ചുമതലകളിലൊന്ന്. അതിര്‍ത്തി ദൗത്യത്തിന് പോയ ഒരു രഹസ്യാന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെത്താതിരുന്നതാണ് ഡോവലിനെ ആശങ്കയിലാക്കിയത്. എട്ട് ദിവസത്തിനകം സംഘം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഘത്തില്‍നിന്ന് യാതൊരു വിവരവും ലഭിച്ചില്ല.

സംഘത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാത്തത് വ്യക്തിപരമായും ഔദ്യോഗികമായും വലിയ ആശങ്കയുണ്ടാക്കിയെന്ന് ഡോവല്‍ പറഞ്ഞു. ഹിമപാതമോ മറ്റേതെങ്കിലും അപകടമോ സംഭവിച്ചതായുള്ള വിവരവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആസ്ഥാനത്തുനിന്ന് ലഭിച്ച ഫോണ്‍ കോളിലൂടെയാണ് സംഘം ചൈനീസ് കസ്റ്റഡിയിലാണെന്ന് അറിയുന്നത്. ചൈനീസ് അധികൃതര്‍ സംഘത്തെ ചോദ്യം ചെയ്തതായും പിന്നീട് ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും പിന്നാലെ അവരെ വിട്ടയച്ചതായും ഡോവല്‍ പറഞ്ഞു. ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണ ഉണ്ടായിരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഡോവല്‍ ഓര്‍ത്തെടുത്തു. ”എന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അന്ന് ഇരുപതുകളില്‍ മാത്രമായിരുന്നു. ഇനി മറ്റൊരു കരിയര്‍ ആരംഭിക്കേണ്ടിവരുമെന്ന് കരുതി,” എന്നായിരുന്നു ഡോവലിന്റെ പ്രതികരണം. എന്നാല്‍ അന്വേഷണത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആസ്ഥാനത്തുനിന്ന് ലഭിച്ച സ്‌കെച്ചുകളിലും ഭൂപടങ്ങളിലുമുണ്ടായിരുന്ന ചില പിഴവുകളാണ് സംഭവത്തിന് കാരണമായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഡോവല്‍ വ്യക്തമാക്കി.

സിക്കിം, വടക്കുകിഴക്കന്‍ മേഖല, ജമ്മു കശ്മീര്‍, പഞ്ചാബ്, പാകിസ്താന്‍ തുടങ്ങിയ ഇടങ്ങളിലെ തന്റെ സേവനകാലത്ത് ഡോവല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരത്തെയും ഔദ്യോഗിക വേദികളില്‍ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്. 2026ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം അജിത് ഡോവലിന് ലഭിച്ചപ്പോള്‍, സിക്കിമിലെയും മറ്റ് മേഖലകളിലെയും അദ്ദേഹത്തിന്റെ സേവനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

Share
Published by
ജനം വെബ്‌ഡെസ്ക്