നഗോയ: 20-ാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. ഷൂട്ടിങ്ങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ എളവേനില്‍ വാളറിവന്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഇതോടെ ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും എളവേനില്‍ സ്വന്തമാക്കി. ഫൈനലിന്റെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനത്തോടെ മുന്നിലായിരുന്ന എളവേനില്‍ സ്വര്‍ണത്തിനായി ശക്തമായ പോരാട്ടമാണ് നടത്തിയത്.
എന്നാല്‍ അവസാന രണ്ട് ഷോട്ടുകളില്‍ ജപ്പാന്റെ ഹിനാറ്റ തായ്ചി നിര്‍ണായക മുന്നേറ്റം നടത്തി. എളവേനില്‍ 252.4 പോയിന്റ് നേടി വെള്ളി നേടിയപ്പോള്‍, 253.0 പോയിന്റോടെ തായ്ചി സ്വര്‍ണം സ്വന്തമാക്കി. തായ്ചിയുടെ സ്‌കോര്‍ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡായി. ദക്ഷിണ കൊറിയയുടെ ബാന്‍ ഹയോജിന്‍ വെങ്കലം നേടി. വ്യക്തിഗത ഇനത്തിന് പിന്നാലെ തന്നെ എളവേനിലിന്റെ ദിവസത്തെ മെഡല്‍ നേട്ടം രണ്ടായി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും എളവേനില്‍, മലയാളി താരം വിദര്‍ശ വിനോദ്, സോനം മസ്‌കര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു.
1898.0 പോയിന്റുമായി ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ ചൈന ലോക റെക്കോര്‍ഡ് സ്‌കോറായ 1904.2 പോയിന്റോടെ സ്വര്‍ണം നേടി. ജപ്പാനാണ് വെങ്കലം നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനം തന്നെ എളവേനില്‍ വാളറിവന് രണ്ട് വെള്ളി മെഡലുകളാണ് സ്വന്തമായത്. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പോരാട്ടത്തിനും ഇത് മികച്ച തുടക്കമായി.