ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗര്‍: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ബന്ധം പുലര്‍ത്തി അതിര്‍ത്തിക്ക് സമീപത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷണം നടത്തിയ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. കതുവ സ്വദേശിയായ അമനെയാണ് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് അമന്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധപ്പെട്ടതെന്നാണ് അന്വേഷണ വൃത്തങ്ങളുടെ വിവരം. അന്വേഷണത്തില്‍, അമന്‍ വീടിന് പുറത്ത് സിം അധിഷ്ഠിത സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിക്ക് സമീപം സുരക്ഷാസേന പതിവായി ഉപയോഗിക്കുന്ന റോഡിലേക്ക് ക്യാമറ തിരിച്ച് സ്ഥാപിച്ചെന്നാണ് വിവരം. ഇതിലൂടെ പ്രദേശത്തെ നീക്കങ്ങള്‍ തത്സമയം ഹാന്‍ഡ്‌ലര്‍മാര്‍ക്ക് ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ക്യാമറ സ്ഥാപിക്കുന്നതിനായി അമന് 20,000 രൂപ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്‌ലര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നിരീക്ഷണ സംവിധാനം ഒരുക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ അമന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.

ജമ്മു കശ്മീര്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. അമനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ മറ്റ് ബന്ധങ്ങളും കൈമാറിയ വിവരങ്ങളുടെ വ്യാപ്തിയും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പരമ്പരാഗതമായി ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുന്ന രീതിക്ക് പകരം സിം അധിഷ്ഠിത ക്യാമറ ഉപയോഗിച്ച് അതിര്‍ത്തി മേഖലയിലെ സുരക്ഷാസേനയുടെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന രീതിയിലേക്കാണ് ഇത്തരം കേസുകളില്‍ അന്വേഷണം വിരല്‍ചൂണ്ടുന്നത്. കതുവയിലെ കേസിലും ക്യാമറയിലൂടെ തുടര്‍ച്ചയായ നിരീക്ഷണ സംവിധാനം ഒരുക്കിയെന്നാണ് അന്വേഷണ വൃത്തങ്ങളുടെ ആരോപണം.

Share
Published by
ജനം വെബ്‌ഡെസ്ക്