പാലി: രാജസ്ഥാനിലെ പാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായിരുന്നിട്ടും മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നമീത ബുബാകിയ വിജയിച്ചു. ബുബാകിയയ്‌ക്ക് 33 കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജ്ബാല ഹിഗാദിന് 29 വോട്ടുകള്‍ മത്രമാണ് ലഭിച്ചത്.
65 അംഗ കോര്‍പ്പറേഷനില്‍ ഭൂരിപക്ഷത്തിന് 33 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. സെപ്റ്റംബര്‍ 14ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും ബിജെപി 21 വാര്‍ഡുകളിലും സ്വതന്ത്രര്‍ 15 വാര്‍ഡുകളിലുമാണ് വിജയിച്ചത്. ഒരു പാര്‍ട്ടിക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നതോടെ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണ മേയര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുമിത്ര ജെയിനിന് അന്തിമ വോട്ടെടുപ്പില്‍ മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ മാറിയെന്ന ആരോപണമാണ് ഇതോടെ ഉയര്‍ന്നത്. അതേസമയം, കോണ്‍ഗ്രസ് വിമതയായ രാജ്ബാല ഹിഗാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു. അവര്‍ അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയുമായി മുന്നോട്ട് പോയതായി തിരഞ്ഞെടുപ്പിന് മുന്‍പുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് 29 സീറ്റുകളുമായി ഒറ്റക്കക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ കുറവായിരുന്നു. ബിജെപിക്ക് 21 സീറ്റുകളും സ്വതന്ത്രര്‍ക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്. ഇതോടെ കോര്‍പ്പറേഷന്‍ ഭരണം തീരുമാനിക്കുന്നതില്‍ സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ നിലപാട് നിര്‍ണായകമായി. രാജസ്ഥാനിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് പാലി ഉള്‍പ്പെട്ടിരുന്നത്. പാലി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 21നാണ് നിശ്ചയിച്ചിരുന്നത്.