റോം: സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട് പുതിയ നിയമ നിർമ്മാണത്തിന് ഇറ്റലി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം പൂർണമായോ ഭാഗികമായോ മറയ്‌ക്കുന്ന ബുർഖ, നിഖാബ് എന്നിവയ്‌ക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനൊപ്പം ക്ലാസ് മുറികളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലും പരിധി കൊണ്ടുവരാനാണ് ശ്രമം. പ്രധാനമന്ത്രി ജ്യോർജിയ മെലോണിയാണ് പുതിയ നിയമനിർമാണ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഭരണകക്ഷിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് മെലോണി നിർദേശങ്ങൾ പ്രഖ്യാപിച്ചത്.
ബുർഖയ്‌ക്കും നിഖാബിനും സ്കൂളിൽ വിലക്ക്
സ്കൂൾ പരിസരത്ത് മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് തടയുന്നതാണ് നിർദേശത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ശരീരം മുഴുവൻ മറയ്‌ക്കുന്ന ബുർഖയ്‌ക്കും മുഖം മറയ്‌ക്കുന്ന നിഖാബിനുമാണ് വിലക്ക് ബാധകമാകുക. തലമുടി മാത്രം മറയ്‌ക്കുന്ന ഹിജാബും മുഖം മറയ്‌ക്കാത്ത മറ്റ് വസ്ത്രങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരില്ല. ഒരു ക്ലാസ് മുറിയിൽ പഠിക്കാവുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് നിയമപരമായ പരിധി നിശ്ചയിക്കാനും സർക്കാർ പദ്ധതിയിടുന്നു.
ഇറ്റലിയിൽ സ്ഥിരതാമസത്തിനോ ഭാവി കെട്ടിപ്പടുക്കുന്നതിനോ എത്തുന്നവർ രാജ്യത്തെ നിയമങ്ങളും സാമൂഹിക മാനദണ്ഡങ്ങളും അംഗീകരിക്കേണ്ടതുണ്ടെന്ന് മെലോണി പറഞ്ഞു. ഇറ്റാലിയൻ ഭാഷ പഠിക്കുകയും രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കുകയും ചെയ്യുന്നത് സാമൂഹിക സംയോജനത്തിന്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. ഇറ്റാലിയൻ വിദ്യാർത്ഥികൾ സ്വന്തം ക്ലാസ് മുറികളിൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും മെലോണി പറഞ്ഞു.
നിർദേശത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ 60 ദിവസത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. കുടിയേറ്റവും സാമൂഹിക ഏകീകരണവുമായി ബന്ധപ്പെട്ട മെലോണി സർക്കാരിന്റെ വിശാലമായ നയത്തിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സ്കൂളുകളിൽ മതപരവും സാംസ്കാരികവുമായ വേർതിരിവ് ശക്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ വാദം.
യൂറോപ്പിന് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങളും പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.