ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (PTI) സെപ്റ്റംബർ 27ന് പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് ലാഹോറിൽ അലീമ ഖാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോട്ട് ലഖ്പത് ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് അലി ഇജാസ് സെപ്റ്റംബർ 20ന് അലീമ ഖാനെ 30 ദിവസത്തേക്ക് തടങ്കലിൽ വയ്‌ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 1960ലെ പഞ്ചാബ് മെയിന്റനൻസ് ഓഫ് പബ്ലിക് ഓർഡർ (MPO) ഓർഡിനൻസിലെ സെക്ഷൻ 3 പ്രകാരമാണ് നടപടി. അലീമ ഖാന്റെ പൊതുസാന്നിധ്യം പൊതുസുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് അധികൃതർ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
PTI വൃത്തങ്ങൾ പറയുന്നതനുസരിച്ച് ലാഹോറിലെ വസതിയിൽ നിന്നാണ് അലീമ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കോട്ട് ലഖ്പത് ജയിലിലേക്ക് മാറ്റുകയായിരുന്നു. ചില പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം വീട്ടിൽനിന്ന് ജിമ്മിലേക്ക് പോകുന്നതിനിടെയാണ് നടപടി ഉണ്ടായത്.
ഇമ്രാൻ ഖാന്റെ മോചനത്തിനായി അലീമ ഖാൻ നേരത്തെ തന്നെ നിരന്തരം രംഗത്തുണ്ടായിരുന്നു. ഇമ്രാൻ ഖാൻ 2023 മുതൽ ജയിലിലാണ്. അദ്ദേഹത്തിനെതിരായ കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് PTIയും അനുയായികളും ആരോപിക്കുന്നത്. അതേസമയം, ഇമ്രാൻ ഖാനെതിരായ വിവിധ കേസുകളും ശിക്ഷകളും സംബന്ധിച്ച് നിയമനടപടികൾ തുടരുകയാണ്.
അലീമ ഖാനെതിരായ തടങ്കൽ നടപടിക്ക് പിന്നിൽ പൊതുസമാധാനവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും, PTI ഇത് രാഷ്‌ട്രീയ സമ്മർദത്തിന്റെ ഭാഗമായ നടപടിയാണെന്ന് ആരോപിച്ചു. അലീമ ഖാന്റെ അഭിഭാഷകൻ റാണ മുദസ്സർ ഉമർ തടങ്കലിനെ ചോദ്യം ചെയ്ത് ലാഹോർ ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടും ഭരണഘടനാ വിഷയങ്ങളിൽ പ്രതിഷേധിച്ചും സെപ്റ്റംബർ 27ന് ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്താനാണ് PTI ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം തടയാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്.
അലീമ ഖാന്റെ അറസ്റ്റിന് പിന്നാലെ ഇമ്രാൻ ഖാന്റെ മറ്റ് സഹോദരിമാരായ ഉസ്മ ഖാനും നൂറിൻ നിയാസിയും സെപ്റ്റംബർ 21ന് 30 ദിവസത്തേക്ക് തടങ്കലിലാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്കെതിരായ നടപടികൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
PTIയുടെ പ്രതിഷേധത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്കെതിരായ നടപടികൾ പാകിസ്ഥാനിലെ രാഷ്‌ട്രീയ സാഹചര്യം കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്.















