പത്തനംതിട്ട: ശബരിമല വികസനത്തില്‍ യുഡിഎഫ് സര്‍ക്കാരിനും കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ശബരിമലയില്‍ തീര്‍ഥാടകര്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയിലെ സൗകര്യങ്ങളുടെ പേരില്‍ കോണ്‍ഗ്രസും യുഡിഎഫും ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തിലും കാര്യമായ മാറ്റമില്ലെന്നാണ് അനൂപ് ആന്റണിയുടെ ആരോപണം.
വരാനിരിക്കുന്ന തീര്‍ഥാടന സീസണില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ശബരിമലയില്‍ കൃത്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ബിജെപി വലിയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും,” അനൂപ് ആന്റണി വ്യക്തമാക്കി. കേരള സര്‍ക്കാരിന് ശബരിമലയുടെ വികസനം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാര്‍ട്ടി നേതൃത്വം പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനൂപ് ആന്റണി അവകാശപ്പെട്ടു.
ശബരിമല വികസനത്തിനായി ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം 100 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ആ തുക പോലും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അനൂപ് ആന്റണി ആരോപിച്ചു. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം സംസ്ഥാന രാഷ്‌ട്രീയത്തില്‍ നേരത്തെയും പ്രധാന ചര്‍ച്ചാവിഷയമായിട്ടുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും ബിജെപി നേതാക്കള്‍ ശബരിമലയിലെ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വിഷയം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അനൂപ് ആന്റണി നല്‍കി.