തിരുവല്ല: കൊഴുപ്പ് നീക്കുന്നതിനുള്ള ചികിത്സയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. തിരുവല്ലയിലെ മെഡ്ലോഞ്ച് വെൽനസ് ക്ലിനിക്കിൽ ചികിത്സയ്‌ക്കിടെയാണ് വിദ്യയ്‌ക്ക് ഹൃദയാഘാതമുണ്ടായത്.
ചികിത്സയ്‌ക്കിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.
ചികിത്സയിലുണ്ടായ പിഴവാണ് ആരോഗ്യനില വഷളാകാനും മരണത്തിനും കാരണമായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.
മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നതിൽ നിർണായകമാകും. ഹൃദയാഘാതമുണ്ടായതിന്റെ സാഹചര്യവും ചികിത്സ രീതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.