ഇടുക്കി: ജില്ലയിൽ വീണ്ടും കാട്ടാന ആക്രമണം. ശാന്തൻപാറ പന്നിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കളം സ്വദേശി വിജയൻ ആണ് മരിച്ചത്.
തോട്ടത്തിലെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ആന വിജയനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പനാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ ആശങ്കയിലാണ്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് കൂടുതൽ പരിശോധനയും ആനയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായത്.