ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പങ്കെടുത്തവർക്കെതിരെ അന്യായമായി യാതൊരു തത്വദീക്ഷയുമില്ലാതെ രജിസ്റ്റർ ചെയ്ത കേസുകൾ ഇപ്പോഴും
നിലനിൽക്കുന്നുണ്ടെന്നും ഇവയിൽ ക്രിമിനൽ സ്വഭാവമില്ലെന്ന് വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഏകദേശം 16,000 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളുടെ എണ്ണത്തിൽ പോലും കൃത്യതയില്ലെന്നും പലർക്കും കേസുകൾ കാരണം ജോലി നഷ്ടപ്പെടുകയും വിദേശത്തേക്ക് ഉൾപ്പെടെ പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

“കേസുകൾ പിൻവലിക്കുമെന്ന് പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത് നടപ്പാക്കിയില്ല. ആഭ്യന്തരമന്ത്രി ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ കോൺഗ്രസ് സമരം നയിച്ചെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയം പ്രധാനമായും ഉയർത്തിക്കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അധികാരത്തിലെത്തിയ ശേഷം പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കോൺഗ്രസ് മറന്നുവെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി.

ശബരിമല സീസൺ; അടിസ്ഥാന സൗകര്യങ്ങളിൽ ആശങ്ക
ശബരിമല തീർഥാടന സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. റോഡ്, കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ഒരുക്കങ്ങൾ നടന്നിട്ടില്ല. ശബരിമലയിൽനിന്ന് സർക്കാരിന് 10,000 കോടിയിലധികം രൂപയുടെ റവന്യൂ ലഭിക്കുന്നുണ്ട്. എന്നാൽ അതിന് ആനുപാതികമായി തീർഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെയും കുമ്മനം രാജശേഖരൻ  രൂക്ഷ വിമർശനം ഉന്നയിച്ചു. അരവണയും അപ്പവും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും, ഇവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷണം ലഭിക്കാതെ മടങ്ങേണ്ടിവരുന്ന ആയിരക്കണക്കിന് ഭക്തരുണ്ട്. എന്നിട്ടും ദേവസ്വം ബോർഡ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാൻ തയ്യാറാകുന്ന ചാരിറ്റികൾക്കും സംഘടനകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുന്നില്ല. സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കങ്ങൾ ശബരിമലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഭക്തരുടെ വിശ്വാസത്തെ അവമതിക്കുന്ന തരത്തിലുള്ള സമീപനമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.

Share