അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

Published by
ജനം വെബ്‌ഡെസ്ക്

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും. ഈ മാസം 26, 27 തീയതികളില്‍ അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് വിപുലമായ പരിപാടികള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 26-ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യും. 27-ന് രാവിലെ 11ന് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. വിശ്വസേവാ ദിനാചരണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കാണ് മഠം തുടക്കം കുറിക്കുന്നത്. സൗജന്യ ചികിത്സയും അവയവമാറ്റ ശസ്ത്രക്രിയയും ഉള്‍പ്പെടെയുള്ള ചികിത്സാ സഹായത്തിനായി 20 കോടി രൂപ ചെലവഴിക്കും. മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വിവിധ ദുരിതബാധിത കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കും.

ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര മേഖലകളിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്ന അമൃതകീര്‍ത്തി പുരസ്‌കാരം 26-ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പി.എസ്. ശ്രീധരന്‍ പിള്ളയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായത്. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയും ചടങ്ങില്‍ കൈമാറും.

27-ന് രാവിലെ ഒമ്പതിന് ശ്രീ ഗുരു പാദുക പൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തില്‍ സത്സംഗം, വിശ്വശാന്തി പ്രാര്‍ഥന, ഭജന എന്നിവ നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സഹായം നല്‍കും. തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടങ്ങളില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിക്കും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രധാന ചടങ്ങുകള്‍ക്ക് ശേഷം സമൂഹവിവാഹവും നടക്കും. ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രൗഡ് മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ ലഭ്യമാക്കാന്‍ വിപുലമായ മെഡിക്കല്‍ സംവിധാനവും ഭക്തരുടെ യാത്ര സുഗമമാക്കാന്‍ ഗതാഗത സൗകര്യങ്ങളും ഒരുക്കും. ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കി പ്രകൃതിസംരക്ഷണത്തിലൂന്നിയ പരിസ്ഥിതി സൗഹൃദ രീതിയിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Share