ന്യൂഡല്‍ഹി: സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നത് തന്റെ പരിശീലക കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലൊന്നായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് ഗംഭീര്‍ വെളിപ്പെടുത്തി. ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ ഇന്ത്യക്കായി നിര്‍ണായക പ്രകടനം നടത്തിയ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ആദ്യ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അന്താരാഷ്‌ട്ര അരങ്ങേറ്റത്തിന് അവസരം നല്‍കുകയും ചെയ്തു.
സഞ്ജുവിനെ ഒഴിവാക്കാനുള്ള തീരുമാനം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. ”രണ്ട് വര്‍ഷത്തെ പരിശീലക യാത്രയില്‍ എനിക്ക് ഉറങ്ങാന്‍ കഴിയാതിരുന്ന ഒരേയൊരു രാത്രി അതായിരുന്നു. സഞ്ജുവിനോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ടി20 ഫോര്‍മാറ്റിലെ എന്റെ പരിശീലക കാലയളവിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു അത്. ടൂര്‍ണമെന്റിലെ മികച്ച താരമായ ഒരാളെ ഏതാനും മത്സരങ്ങള്‍ക്ക് ശേഷം പുറത്തിരുത്തേണ്ടിവന്നു,” ഗംഭീര്‍ പറഞ്ഞു.
വൈഭവ് സൂര്യവംശി മികച്ച ഫോമിലായിരുന്നതും പരമ്പര ജയിക്കേണ്ട സാഹചര്യമുണ്ടായിരുന്നതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നും ഗംഭീര്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് സഞ്ജുവിന് വീണ്ടും ടീമില്‍ ഇടം ലഭിച്ചു. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തി. തിരിച്ചുവരവിന് പിന്നാലെ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ സഞ്ജു ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യ 3-0നാണ് പരമ്പര സ്വന്തമാക്കിയത്.
ടീമിന്റെ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളോ പുറത്തുനിന്നുള്ള സമ്മര്‍ദങ്ങളോ അല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. ഒരു യുവതാരം മികച്ച ഫോമിലാണെന്ന കാരണത്താല്‍ ദീര്‍ഘകാലമായി ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങളെ പെട്ടെന്ന് ഒഴിവാക്കാനാകില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ”ജനപ്രിയമായ തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാണ്. എന്നാല്‍ ശരിയായ തീരുമാനം എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്. സഞ്ജുവിനെയും അഭിഷേകിനെയും പിന്തുണച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമാണ് ഞങ്ങള്‍ എടുത്തത്,” ഗംഭീര്‍ വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വൈഭവ് സൂര്യവംശിയുടെ വരവ് ഇന്ത്യയുടെ ടി20 ടീം തെരഞ്ഞെടുപ്പില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടുണ്ടെങ്കിലും, നിലവിലെ ടീമിന്റെ സന്തുലിതാവസ്ഥയും ദീര്‍ഘകാല പ്രകടനവും പരിഗണിച്ചായിരിക്കും പ്ലെയിങ് ഇലവന്‍ തീരുമാനിക്കുകയെന്ന സൂചനയാണ് ഗംഭീറിന്റെ വാക്കുകള്‍ നല്‍കുന്നത്.