കോഴിക്കോട്: തീവ്ര ഇസ്ലാമിക സംഘടനയായ ‘നഖ്-ശബന്ദിയ ത്വരീഖത്തി’ന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഫണ്ടിംഗ് സ്രോതസ്സിനെക്കുറിച്ചും അംഗങ്ങൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്.
അതീവ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തുന്നത്. എന്നാൽ ഈ പണത്തിന്റെ കൃത്യമായ സ്രോതസ്സ് വ്യക്തമല്ല. കേരളത്തിലേക്ക് കള്ളപ്പണം ഒഴുകുന്നതുപോലെയുള്ള വലിയ തുകകളാണ് സംഘടനയിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
1920-ൽ രൂപീകരിച്ച ഈ സംഘടന 1983-ൽ സൊസൈറ്റി ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ചാണ് നഖ്-ശബന്ദിയ ത്വരീഖത്തിന്റെ പ്രവർത്തനം. എന്നാൽ യാതൊരുവിധ കമ്മിറ്റികളോ ഔദ്യോഗിക ഭാരവാഹികളോ ഇല്ലാതെ ഒരു ഒറ്റ തലവന്റെ കീഴിലാണ് ഇത് പ്രവർത്തിച്ചു വരുന്നത്. തീവ്ര നിലപാടുള്ള ഇവർ കടുത്ത നിയന്ത്രണങ്ങളാണ് അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്മാർട്ട് ഫോൺ പാടില്ല, സോഷ്യൽ മീഡിയ പാടില്ല, സ്ത്രീകൾക്ക് പുറം ലോകവുമായി ബന്ധം പാടില്ല തുടങ്ങി അതി വിചിത്രമായ രീതികളാണ് ഇവർ പിന്തുടരുന്നത്. 3,000 ത്തോളം ആളുകൾ സംഘടനയുടെ ഭാഗമാണ്. കോഴിക്കോട് കൊടുവള്ളി പുത്തൻവീട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ത്വരീഖത്ത് ഉപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് മാറിത്താമസിച്ച റിയാസ് എന്നയാളെയും കുടുംബത്തെയും കഴിഞ്ഞ മാസം 17-ാം തീയതി മുഖമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. സംഘടനയുടെ തെറ്റായ രീതികളെ ചോദ്യം ചെയ്യുകയോ സംഘടന വിട്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് നേരെ വധഭീഷണിയും ആക്രമണങ്ങളും പതിവാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ സംഘടനയിൽ നിന്ന് പുറത്തുപോയ മറ്റു ചില വ്യക്തികളും ക്രൂരമായ ആക്രമണങ്ങൾക്കും വധഭീഷണിക്കും ഇരയായിട്ടുണ്ട്.