പാലക്കാട്: ഷൊർണൂർ സ്വദേശിയായ 17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം നടത്തിയ കേസിൽ 54കാരന് ഇരുപത്തിയൊന്നര വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം താനൂർ സ്വദേശി പാന്നട്ട് വീട്ടിൽ സുനിൽ കുമാറിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ഗുരുതര ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദിനേശ് എൻ. പിള്ളയാണ് വിധി പ്രസ്താവിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയിൽ 1.30 ലക്ഷം രൂപ ഇരയ്‌ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാറിന്റെയും സബ് ഇൻസ്പെക്ടർമാരായ അജിതൻ, മുഹമ്മദ് ബഷീർ എന്നിവരുടെയും നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സന്ദീപ് ഹാജരായി. കോടതിയിലെ ലെയ്സൺ ഓഫീസർ എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.