കൊച്ചി: 2022 ലോകകപ്പിലെ ബ്രസീലിന്റെ ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ ജീവിതം തന്നെ മാറിപ്പോയ മലയാളി ആരാധകനെ തേടി ബ്രസീലിൽ നിന്ന് മാധ്യമപ്രവർത്തകർ കൊച്ചിയിലെത്തി. കാക്കാട് സ്വദേശിയായ കെ.പി അക്ഷയുടെ കരളലിയിപ്പിക്കുന്ന കഥയറിഞ്ഞാണ് പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയത്.
2022 ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോട് ബ്രസീൽ തോറ്റത് താങ്ങാനാവാതെ കടുത്ത മാനസികാഘാതത്തിലായ 26 കാരൻ, പിന്നീട് ശരീരം തകർന്ന് വീൽചെയറിലാവുകയായിരുന്നു. ഫുട്ബോളിനോടുളള അങ്ങേയറ്റത്തെ സ്നേഹം കൊണ്ട് സംഭവിച്ച ആ ദുരന്തവാർത്ത ബ്രസീലിലെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു.
അക്ഷയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ യുവാവിനോടും മാതാപിതാക്കളോടും സംസാരിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അക്ഷയ്‌ക്ക് പൂർണ്ണ ആരോഗ്യം മികച്ചൊരു നാളേയും ആശംസിച്ചും പ്രാർത്ഥനകൾ നേർന്നുമാണ് സംഘം മടങ്ങിയത്. ലോകത്തിന്റെ കോണിലിരുന്നുകൊണ്ട് ബ്രസീൽ ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളി ആരാധകന്റെ കഥ ഇന്ന് ബ്രസീലിലും വലിയ ചർച്ചയായിരിക്കുകയാണ്















