ഭോപ്പാൽ: സിംഹസ്ഥ മഹാകുംഭമേളയുടെ ഭാഗമായി ഉജ്ജൈനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ഒരു വിഭാഗത്തിനറെ ശ്രമം.
ഷാഹി മസ്ജിദിന്റെ അനധികൃത ഭാഗങ്ങൾ പൊളിച്ചുനീക്കുന്നതിനിടയിലാണ് സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം നടന്നത്. നഗരത്തിലെ ഗതാഗത തടസ്സങ്ങൾ നീക്കുന്നതിനും തീർത്ഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനു വേണ്ടി വിപുലമായ പദ്ധതികളാണ് ഉജ്ജെയിനിയിൽ നടപ്പിലാക്കുന്നത്.
കോടതിയുടെയും പള്ളി കമ്മിറ്റിയുടെയും അനുമതിയോടെയാണ് അനധികൃത ഭാഗങ്ങൾ പൊളിച്ചു നീക്കുന്നത്. ഇതിനിടെ പ്രതിഷേധിച്ചെത്തിയ ഒരു വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് സ്ഥിതി ശാന്തമാക്കാൻ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ചേർന്ന് കണ്ണീർവാതകം പ്രയോഗിച്ചു.
2028-ലാണ് പ്രശസ്തമായ ഉജ്ജൈൻ സിംഹസ്ഥ മഹാകുംഭമേള. കോടാനുകോടി ഭക്തരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കാൻ റോഡ് വികസനത്തിന് തടസ്സമാകുന്ന 272 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഇതിന്റെ ഭാഗമായി, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന സന്ദേശം നൽകിക്കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ തറവാട് വീട് പോലും പൊളിച്ചുമാറ്റാൻ ഭരണകൂടം തയ്യാറായിട്ടുണ്ട്. അതിനാൽ വികസന കാര്യങ്ങളിൽ യാതൊരു വിഭാഗത്തിനും പ്രത്യേക ഇളവുകൾ നൽകാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഷാഹി മസ്ജിദ് പൊളിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വികസന പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, സമാനമായി മറ്റ് മതസ്ഥാപനങ്ങളുടെ ഘടനകളും മാറ്റിയതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്‌ക്കാതെ പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുകയായിരുന്നു.
12 വർഷത്തിലൊരിക്കൽ നടക്കുന്ന സിംഹസ്ഥ മേളയുടെ വിജയത്തിനായി റോഡ് വികസനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും, നഗരത്തിൽ സമാധാനം നിലനിർത്താൻ പോലീസ് ശക്തമായ നിരീക്ഷണം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.