തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിമിനൽ കേസുകളിൽപ്പെട്ടവർ സ്‌കൂൾ സർവീസിൽ പ്രവേശിക്കുന്നത് തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നിയമന നടപടികളിൽ പോലീസ് പരിശോധന നിർബന്ധമാക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എയ്ഡഡ് സ്‌കൂൾ ജീവനക്കാരുടെ നിയമന അംഗീകാരത്തിനായി സമർപ്പിക്കേണ്ട രേഖകളുടെ കൂട്ടത്തിൽ ഇനി പോലീസ് വെരിഫിക്കേഷൻ പെർഫോമയും ഉൾപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.
നിയമന അംഗീകാരത്തിനായി സമർപ്പിക്കുന്ന പോലീസ് വെരിഫിക്കേഷൻ പെർഫോമയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടണം. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം മാത്രമേ നിയമനത്തിന് അംഗീകാരം നൽകാവൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിയമനത്തിന് പോലീസ് റിപ്പോർട്ട് നിർണായകം
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ ഇതോടെ ഉദ്യോഗാർഥികളുടെ പശ്ചാത്തല പരിശോധന കൂടുതൽ കർശനമാകും. നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം നൽകുന്ന അധികാരികൾ ബന്ധപ്പെട്ട പോലീസ് അധികാരികളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഇതിനാവശ്യമായ മാറ്റങ്ങൾ കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും വരുത്തും. നിലവിലുള്ള നിയമന അംഗീകാര നടപടിക്രമത്തിന്റെ ഭാഗമായാണ് പോലീസ് വെരിഫിക്കേഷൻ കൂടി ഉൾപ്പെടുത്തുന്നത്.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് പിന്നാലെ
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ പോലീസ് വെരിഫിക്കേഷൻ സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നേരത്തേ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് വരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദേശം.
ഈ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാരുടെ നിയമനത്തിൽ പശ്ചാത്തല പരിശോധന ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.