വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ കെ.ടി. നൗഫലിനെ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കിന്റെ മൂര്‍ക്കനാട് ശാഖയിലാണ് സംഭവം. പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗം കൂടിയാണ് നൗഫല്‍. പത്ത് മാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപയാണ് വ്യാജ ഒപ്പിട്ട് കൈക്കലാക്കിയതെന്നാണ് പരാതി. പെന്‍ഷന്‍ തുക ലഭിക്കാതെ വന്നതോടെ വീട്ടമ്മ ബാങ്കില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റെ അച്ചടക്ക നടപടിക്ക് പിന്നാലെ നൗഫലിനെതിരെ പാര്‍ട്ടി തലത്തിലും നടപടി സ്വീകരിച്ചു. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. സംഭവത്തില്‍ വീട്ടമ്മ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

Share