തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരം കാണാനെത്തിയവർക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത്തവണ കുടിവെള്ളത്തിനായി പണം നൽകേണ്ടിവന്നില്ല. മത്സരത്തിനെത്തിയ ഏകദേശം 40,000 കാണികൾക്ക് ഒരാൾക്ക് നാല് ലീറ്റർ വീതം സൗജന്യ കുടിവെള്ളം ലഭ്യമാക്കുകയായിരുന്നു തിരുവനന്തപുരം കോർപ്പറേഷൻ.വകളികാണാനെത്തിയ പലരും സൗജന്യ കുടിവെള്ളത്തിന്‍റെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്..
സ്റ്റേഡിയത്തിലെ ഗ്യാലറിക്ക് ചുറ്റുമായി 70 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്. കാണികൾക്ക് ആവശ്യാനുസരണം വെള്ളം കുടിക്കാനുള്ള സൗകര്യം ഓരോ പോയിന്റിലും ഒരുക്കിയിരുന്നു. കോർപ്പറേഷൻ നേരിട്ടാണ് സൗജന്യ കുടിവെള്ള വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. മത്സരത്തിനെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ മേയർ വി വി രാജേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു.
ഇതിന് മുൻപ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ മത്സരം നടന്നപ്പോൾ ഒരു ലീറ്റർ കുടിവെള്ളത്തിന് 200 രൂപ ഈടാക്കിയിരുന്നത്. അന്ന് ശക്തമായ പ്രതിഷേധം കാണികളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ആര്യ രാജേന്ദ്രൻ നേതൃത്വം നൽകിയ എൽഡിഎഫ് ആയിരുന്നു അന്ന് കോർപ്പറേഷൻ തലപ്പത്ത്. അന്ന് വ്യാപക പരാതി ഉയർന്നതോടെയാണ് കുടിവെള്ള വിതരണവും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് അധികൃതർ പ്രത്യേക ശ്രദ്ധ നൽകിയത്.
മത്സരത്തിന് മുന്നോടിയായി തിരുവനന്തപുരം കോർപ്പറേഷൻ ബന്ധപ്പെട്ട വകുപ്പുകളുടെയും സംഘാടകരുടെയും വിപുലമായ യോഗം വിളിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ, പൊലീസ്, ആരോഗ്യ വകുപ്പ്, കോള ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സ്റ്റേഡിയത്തിലെ ശീതളപാനീയ വിൽപ്പനയിലും കർശന നിയന്ത്രണം വേണമെന്ന് കോർപ്പറേഷൻ നിർദേശിച്ചിരുന്നു. ബിസിസിഐ നിശ്ചയിച്ച വിലയിൽ മാത്രമേ കോള ഉൾപ്പെടെയുള്ള പാനീയങ്ങൾ വിൽക്കാവൂ എന്നും ഏജൻസിക്ക് നിർദേശം നൽകി. സ്റ്റേഡിയത്തിനകത്തും പരിസരത്തും പൂർണമായ ശുചീകരണം പൂർത്തിയാകുന്നതുവരെ കോർപ്പറേഷൻ ജീവനക്കാരുടെ സംഘം സ്ഥലത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അന്ന് മേയർ പറഞ്ഞ വാക്ക് നടപ്പിലാകുന്നതിനാണ് ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കൂടാതെ കളി അവസാനിച്ച് മുഴുവൻ കാണികളും സ്റ്റേഡിയം വിട്ടുപോയിതിന് ശേഷം ഗ്രൗണ്ട് പൂർണ്ണമായും ശുചീകരിച്ച ശേഷമാണ് കോർപ്പറേഷൻ ജീവനക്കാരും ഭരണസമിതിയും അവിടെ നിന്നും മടങ്ങിയത്.