ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിവിധ നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു. പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്, സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമത്തില്‍ മാറ്റം തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെയുള്ള വിവിധ ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. മലിനീകരണം രൂക്ഷമാകുന്ന ശീതകാല ഘട്ടത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

2026 നവംബര്‍ 1 മുതല്‍ 2027 ജനുവരി 31 വരെ പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്ന പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുറസ്സായ സ്ഥലങ്ങളിലെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ടാകും. ഇതിന് പുറമെ ഡിസംബര്‍ 10 മുതല്‍ 2027 ജനുവരി 20 വരെ നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ അംഗീകൃത പാര്‍ക്കിംഗ് കേന്ദ്രങ്ങളിലെ നിലവിലെ പാര്‍ക്കിംഗ് നിരക്കിലും വര്‍ധനവ് നടത്തും. നവംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ പുതുക്കിയ നിരക്ക് ബാധകമായിരിക്കും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അതേസമയം, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകും. എംസിഡി ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെയും, ഡല്‍ഹി സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാക്കും. ശീതകാലത്തെ മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ബാക്കി 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ചെയ്യണം. ശീതകാലത്ത് ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളിലെ നിയന്ത്രണം, പാര്‍ക്കിംഗ് നിരക്കില്‍ നേരിയ വര്‍ധനവും, ഓഫീസ് സമയമാറ്റം, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.

Share