കോട്ടയം: കേരളത്തിലെ റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമത്തിന് വേദിയായി റബര്‍ ബോര്‍ഡ്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള റബര്‍ ടാപ്പര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ റബര്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ റബര്‍ കൃഷിയിലേക്കും ടാപ്പിങ് മേഖലയിലേക്കും ആകര്‍ഷിക്കുന്നതിനുമുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും കേരള റബര്‍ ടാപ്പേഴ്‌സ് അസോസിയേഷന്‍ (കെആര്‍ടിഎ) പ്രതിനിധികളും മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് ടാപ്പര്‍മാരുടെ വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും വിശദമായി അവതരിപ്പിച്ചത്.
ടാപ്പര്‍മാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള ആവശ്യം പരിശോധിക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി അറിയിച്ചു. നിലവിലുള്ള ഇന്‍ഷുറന്‍സ്, ചികിത്സാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വന്യജീവി ആക്രമണത്തിന് ഇരയാകുന്ന ടാപ്പര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ചികിത്സാ ആനുകൂല്യവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. റബര്‍ മേഖലയിലെ വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ശക്തമാക്കുമെന്നും എന്‍. ഹരി വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇതിനായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം റബര്‍ ബോര്‍ഡ് നേരത്തെ വിളിച്ചുചേര്‍ത്തിരുന്നു. കേരളത്തിലെ ഏകദേശം 20 ശതമാനം റബര്‍ തോട്ടങ്ങള്‍ ടാപ്പ് ചെയ്യാതെ കിടക്കുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്ന ഉടമകളുടേതോ ഉപേക്ഷിക്കപ്പെട്ടതോ ആയ തോട്ടങ്ങളാണ് ഇതില്‍ വലിയൊരു പങ്കും. ഇത്തരം തോട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉടന്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം വഴി തോട്ടമുടമകളെയും ടാപ്പിങ് നടത്താന്‍ താല്‍പര്യമുള്ളവരെയും ഒരേ വേദിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ടാപ്പര്‍മാരെ ലഭിക്കാത്തതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിങ് മുടങ്ങുന്ന ഉടമകള്‍ക്ക് പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.