ന്യൂഡൽഹി: എസ്ഐആർ (Special Intensive Revision) നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശം ഉണ്ടായിരിക്കാവൂവെന്നും പൗരത്വവും വോട്ടവകാശവും രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.
നിയമപ്രകാരം ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ അവകാശമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ പൗരത്വമോ വോട്ടവകാശമോ അനുവദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എസ്ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. രാജ്യത്തെ വോട്ടർ പട്ടികയിൽ അർഹരായ പൗരന്മാരെ ഉൾപ്പെടുത്തുന്നതിനൊപ്പം അനർഹരായവരെ തിരിച്ചറിയേണ്ടതുണ്ടെന്ന നിലപാടാണ് സംഘം മുന്നോട്ടുവച്ചത്.
രാജ്യത്ത് എൻആർസി നടപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും, നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുനിൽ ആംബേക്കർ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനസംഖ്യാ മാറ്റങ്ങളും ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും അതിന്റെ സാമൂഹിക, ദേശീയ പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി വിലയിരുത്തണം. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സുനിൽ ആംബേക്കർ ആശങ്ക പ്രകടിപ്പിച്ചു.