കൊല്ലം: അറഫാ ഗോൾഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളിലൊരാളായ അബ്ദുൽ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു.
യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികൾ തട്ടിയെന്ന പരാതിയിലാണ് അന്വേഷണം. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് അന്വേഷണ പരിധിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. സിബിഐ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്തുന്നത്.
2022ൽ ആഭരണ നിർമാണ ആവശ്യങ്ങൾക്കായി അറഫാ ഗോൾഡ് യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. വായ്പയ്‌ക്ക് ഈടായി നൽകിയ സ്വർണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നും ബാങ്കിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
വായ്പ നിലനിൽക്കെ ഈടായി നൽകിയ സ്വർണം ബാങ്കിന്റെ അനുമതിയില്ലാതെ മാറ്റിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അറഫാ ഗോൾഡിനെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും തിരുവനന്തപുരത്തെ രണ്ട് സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ.
അറഫാ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള ചില ജ്വല്ലറികൾ നിലവിൽ പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്. വായ്പാ ഇടപാടുകൾ, ഈടായി നൽകിയ സ്വർണത്തിന്റെ കൈമാറ്റം, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നത്.