ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം. ഇന്ത്യയുമായി വ്യാപാര-നിക്ഷേപ പങ്കാളിത്തങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് ഖത്തര്‍ വ്യവസായികളോട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. ദോഹയില്‍ ഖത്തര്‍ ബിസിനസ്‌മെന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ബിസിനസ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വര്‍ധിച്ചുവരുന്ന നിക്ഷേപ സാധ്യതകളും ചൂണ്ടിക്കാട്ടിയ നിര്‍മല സീതാരാമന്‍, അടിസ്ഥാന സൗകര്യം, ഭക്ഷ്യസുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോകെമിക്കല്‍സ്, വിദ്യാഭ്യാസം, ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ വിശദീകരിച്ചു.
ഖത്തര്‍ വിദേശവ്യാപാര സഹമന്ത്രിയായ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദുമായി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത നടപ്പാക്കുന്നത് വേഗത്തിലാക്കാനും ഇരുപക്ഷവും ധാരണയിലെത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും വേഗത്തിലാക്കും. കൂടാതെ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനും ധാരണയായി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഗള്‍ഫ് മേഖലയുമായുള്ള സാധാരണ വ്യാപാരപ്രവാഹം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത സമുദ്രഗതാഗതവും വ്യാപാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപ വരവ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 94.5 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ ദീര്‍ഘകാല ഇഷ്യൂവര്‍ റേറ്റിങ് ജപ്പാന്‍ ക്രെഡിറ്റ് റേറ്റിങ് അടുത്തിടെ ഉയര്‍ത്തിയതും ധനമന്ത്രി ചൂണ്ടിക്കാട്ടി.