തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെയും കുപ്പികളും, കല്ലുകളും വലിച്ചെറിഞ്ഞ് ആക്രമണം. ബുധനാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സംഘം നോക്കി നിൽക്കേയായിരുന്നു ആക്രമണമുണ്ടായത്. ബൈക്കിലും കാറിലുമായി എത്തിയ സംഘമാണ് കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞത്. തുടർന്ന് അക്രമികൾ തമ്പാനൂര്‍ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഊ സമയം ബി ജെ പി നേതാക്കളും ജീവനക്കാരും ഓഫീസിലുണ്ടായിരുന്നു.
സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പറഞ്ഞു. രാഷ്‌ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്‌ട്രീയത്തിന് ചേർന്നതല്ല. പി കെ കൃഷ്ണദാസിനെതിരായ ആക്രമവും, മാരാർജി ഭവന് നേരെയുണ്ടായ ആക്രമവും അതിശക്തമായി അപലപിക്കുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരും. അക്രമത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.