കൊച്ചി: ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് കേരള ഹൈക്കോടതി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും പാക് പൗരയായ ഭാര്യയും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ദുബായിൽ വച്ച് വിവാഹിതരായ യുവാവും പാകിസ്ഥാനി യുവതിയും നിലവിൽ വിദേശത്താണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹം. സഹോദരനറെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭാര്യയ്‌ക്ക് രാജ്യത്തേക്ക് വരേണ്ടതുണ്ടെന്നും ഇതിനായി വിസ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം പോലും ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യൻ പൗരന്റെ ഭാര്യ എന്ന നിലയിൽ ദീർഘകാല വിസയ്‌ക്ക് അർഹതയുണ്ടെന്നും വിസയ്‌ക്ക് അപേക്ഷിക്കാൻ അവസരം നിഷേധിക്കുന്നത് ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും രാജ്യത്തെ താമസവും കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കും നയങ്ങൾക്കും വിധേയമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. വിദേശ പൗരന് ഇന്ത്യയിൽ പ്രവേശിക്കാൻ വിസ നിർബന്ധമാണെന്നും വിസ അനുവദിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും കേന്ദ്രം വ്യക്തമാക്കി.
2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാർക്കുള്ള എല്ലാ വിസ സേവനങ്ങളും നിർത്തിവെച്ച കേന്ദ്രസർക്കാർ ഉത്തരവും കോടതി പരിഗണിച്ചു. 1946ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് വിസ സേവനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രം ഉത്തരവിട്ടത്. ഉത്തരവ് പിൻവലിക്കുന്നതുവരെ പാകിസ്താൻ പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിദേശികളുടെ പ്രവേശനം കേന്ദ്രത്തിന്റെ പ്രത്യേക അധികാരം
വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യത്തെ താമസം, സഞ്ചാരം, മടക്കയാത്ര എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷ, പരമാധികാരം, അഖണ്ഡത, പൊതുസമാധാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അധികാരം കേന്ദ്രസർക്കാർ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച വിദേശ പൗരന് ഇന്ത്യയിലേക്ക് പ്രവേശിക്കാനോ ടൂറിസ്റ്റ് വിസ ആവശ്യപ്പെടാനോ വിസ അപേക്ഷ പരിഗണിക്കണമെന്ന് നിയമപരമായി ആവശ്യപ്പെടാനോ സ്വതവേയുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ 14-ാം അനുച്ഛേദം വിദേശ പൗരന്മാർക്കും ബാധകമാണെങ്കിലും, രാജ്യത്തിന് പുറത്തുള്ള ഒരാൾക്ക് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അവകാശം അതിന്റെ അടിസ്ഥാനത്തിൽ ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പാകിസ്താൻ പൗരന്മാർക്കുള്ള വിസ നിയന്ത്രണങ്ങൾ നിലവിൽ തുടരുന്നതിനിടെയാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.