ബംഗളൂരു: ചികിത്സാ ചെലവിന് സഹായം തേടി മുതിർന്ന കന്നഡ നടി സുന്ദരശ്രീ. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിലാണ് ഇവർ. ചികിത്സയ്‌ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഹായം തേടുന്നതെന്ന് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സുന്ദരശ്രീ സഹായ അഭ്യർത്ഥന നടത്തിയത്. മൂന്ന് മാസമായി ആശുപത്രിയിൽ കഴിയുകയാണെന്നും ബില്ലടക്കാൻ പണമില്ലെന്നും വീഡിയോയിൽ അവർ പറഞ്ഞു. സഹായിക്കാൻ കഴിയുന്നവർ മുന്നോട്ടുവരണമെന്നും നടി അഭ്യർത്ഥിച്ചു.
പ്രശസ്ത കന്നഡ നാടകപ്രവർത്തകൻ ഡോ. ഗുബ്ബി വീരണ്ണയുടെ കൊച്ചുമകളാണ് സുന്ദരശ്രീ. നാടക-കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ അവർ പതിറ്റാണ്ടുകളായി കന്നഡ സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമാണ്.
ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് സുന്ദരശ്രീ സിനിമയിലെത്തിയത്. 1970ൽ ഡോ. രാജ്കുമാർ നായകനായ ‘പരോപകാരി’യിലൂടെയായിരുന്നു കന്നഡ സിനിമയിലെ അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിൽ സഹനടിയായും സ്വഭാവനടിയായും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ചന്ദ്രശേഖര കംബാറിന്റെ ‘കാടു കുതിരെ’ (1979), ‘അദേ രാഗ അദേ ഹാദു’ (1989), ‘ബാല ഹൊംബലെ’, ‘ട്രങ്ക്’ (2018) തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.കന്നഡ സിനിമയ്‌ക്ക് പുറമെ ടെലിവിഷൻ രംഗത്തും സുന്ദരശ്രീ സജീവമായിരുന്നു.